പുഴ വരണ്ടു, കിണറ്റിലെ വെള്ളം താഴ്ന്നു, ഇതെന്ത്  പ്രകൃതി പ്രതിഭാസം?; പ്രളയത്തിന് ശേഷം വരള്‍ച്ചയെന്ന പ്രചരണം തെറ്റെന്ന് മുരളി തുമ്മാരുകുടി

പുഴ വരണ്ടു, കിണറ്റിലെ വെള്ളം താഴ്ന്നു, ഇതെന്ത്  പ്രകൃതി പ്രതിഭാസം?; പ്രളയത്തിന് ശേഷം വരള്‍ച്ചയെന്ന പ്രചരണം തെറ്റെന്ന് മുരളി തുമ്മാരുകുടി

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം കണ്ടതിന്റെ പകപ്പ് ഇപ്പോഴും മാറിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ആശങ്കയിലാക്കുന്നത് പ്രളയം സൃഷ്ടിച്ച പുഴയുടെ അവസ്ഥയാണ്. നിറഞ്ഞു കവിഞ്ഞൊഴുകിയ പുഴകളെല്ലാം ദിവസങ്ങള്‍ക്കുള്ളിലാണ് ശോഷിച്ചുപോയത്. നിറഞ്ഞു കവിഞ്ഞ് ഒഴുകിയിരുന്ന പുഴകളിലെ ജലനിരപ്പ് കുത്തനെ താണു. അതിനൊപ്പം കിണറുകളിലേയും വെള്ളത്തില്‍ കാര്യമായ കുറവുണ്ടായി. ഈ വെള്ളമെല്ലാം എങ്ങോട്ടേക്കാണ് പോയത്? ഇത് എന്ത് പ്രകൃതി പ്രതിഭാസം ആണ്? 

കുത്തിയൊലിച്ചു വന്ന മഴവെള്ളത്തെ തുടര്‍ന്ന് പുഴയുടെ ആഴം കൂടിയതാണ് ഇതിനൊക്കെ കാരണമെന്നാണ് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി പറയുന്നത്. ഇത്തവണയുണ്ടായ മഴയില്‍ അതിവേഗതയില്‍ കല്ലും മണലും ഉള്‍പ്പെട്ട വെള്ളം ആണ് പുഴയിലൂടെ കുത്തി ഒഴുകി വന്നത്. അങ്ങനെ പുഴയിലെ അടിത്തട്ടില്‍ മണ്ണൊലിപ്പിന് കാരണമാവുകയും പുഴയുടെ ആഴം കൂടുകയും ചെയ്തു. ഒറ്റയടിക്ക് നോക്കുമ്പോള്‍ പഴയ പുഴയാണെന്നും ജലനിരപ്പ് കുറഞ്ഞെന്നും തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുഴയിലെ ജലനിരപ്പിലുണ്ടായ വ്യത്യാസമാണ് കിണറുകളില്‍ കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 

കേരളത്തിലെ നിരവധി കിണറുകളിലെ വെള്ളമാണ് താഴ്ന്നുപോയത്. അതിനാല്‍ കേരളത്തില്‍ വരള്‍ച്ച ഉണ്ടായില്ലെങ്കില്‍ പോലും വെള്ളത്തിന് പ്രായോഗിക ക്ഷാമമുണ്ടാകുമെന്നും ഫേയ്‌സ്ബുക് പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. കേരളത്തിലെ പുഴകളിലേക്ക് വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങളില്‍ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ് ഏത് പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത് അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പുഴയിലെ ജലനിരപ്പ് താഴുമ്പോള്‍ നമ്മുടെ കിണറിലെയും കുളത്തിലേയും ജലനിരപ്പും താഴും.

കിണറ്റില്‍ വെള്ളം താഴ്ന്നിട്ടുണ്ടെങ്കില്‍ ആവശ്യത്തിന് മഴ ലഭിക്കാതെ അത് തിരിച്ചുവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിണറിലെ അടിത്തട്ടിന് താഴെ വെള്ളം പോയിട്ടുണ്ടെങ്കില്‍ കിണറിന്റെ ആഴം കൂട്ടുകയല്ലാതെ വേറെ മാര്‍ഗ്ഗമുണ്ടാവില്ല. പുഴയുടെ ആഴം അത്ര അധികം വര്‍ദ്ധിച്ചിരിക്കാന്‍ വഴിയില്ലാത്തതിനാല്‍ ഒന്നോ രണ്ടോ മീറ്ററില്‍ അധികം ഈ വെള്ളത്തിന്റെ താഴ്ച ഉണ്ടാകില്ലെന്നും മുരളി തൊമ്മാരുകുടി തന്റെ പോസ്റ്റില്‍ കുറിച്ചു. 

പ്രളയത്തിന് ശേഷം വരള്‍ച്ച വരുമെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പെരുമഴ ഉണ്ടായത് കൊണ്ട് അടുത്ത മാസങ്ങളില്‍ വരള്‍ച്ച ഉണ്ടാകുമെന്ന് പറയാന്‍ മാത്രം ശാസ്ത്രം വളര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് സാധാരണയില്‍ അധികമായി ഒരു വളര്‍ച്ചയ്ക്ക് ഈ വര്‍ഷം സാധ്യതകാണുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com