വാട്സ്ആപ്പിൽ ‘അധോലോകം’; സ്ത്രീകളെ അപമാനിക്കാൻ അശ്ലീലവും അപവാദവും പ്രചരിപ്പിക്കുന്നു

സ്ത്രീകളെ അപമാനിക്കുന്നതിന് ആലോചനകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാട്സ്ആപ്പിൽ ‘അധോലോകം’ എന്ന പേരിൽ രഹസ്യ ​ഗ്രൂപ്പുള്ളതായി റിപ്പോർട്ടുകൾ
വാട്സ്ആപ്പിൽ ‘അധോലോകം’; സ്ത്രീകളെ അപമാനിക്കാൻ അശ്ലീലവും അപവാദവും പ്രചരിപ്പിക്കുന്നു

കൊച്ചി: സ്ത്രീകളെ അപമാനിക്കുന്നതിന് ആലോചനകൾ നടത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വാട്സ്ആപ്പിൽ ‘അധോലോകം’ എന്ന പേരിൽ രഹസ്യ ​ഗ്രൂപ്പുള്ളതായി റിപ്പോർട്ടുകൾ. സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്ന പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് അശ്ലീല പ്രചാരണവും മറ്റും നടത്തുകയാണ് ഇവർ ചെയ്യുന്നത്. ഇന്ത്യയിലും വിദേശത്തുമായി ജോലി ചെയ്യുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയും ഇവരെ ലൈംഗികമായി ഉപയോഗിച്ചതായി പ്രചരിപ്പിക്കുകയുമാണ് ഗ്രൂപ്പിന്റെ രീതി. ഒപ്പം പെൺകുട്ടികളുടെ ഫോൺ നമ്പറുകളും സോഷ്യൽ മീഡിയ പ്രൊഫൈൽ ലിങ്കുകളും പ്രചരിപ്പിക്കുന്നുണ്ട്. പെൺകുട്ടികളുടെ ഫോണിലും സോഷ്യൽ മീഡിയ ഇൻബോക്‌സുകളിലും അശ്ലീല സന്ദേശങ്ങൾ നിറയ്ക്കുന്നവർക്ക് വേണ്ടിയാണിത്. 

ഗ്രൂപ്പിനെതിരേ കൊല്ലം, എറണാകുളം, കോട്ടയം സ്വദേശിനികളായ പെൺകുട്ടികൾ ജില്ലാ പൊലീസ് മേധാവികൾക്കും സൈബർസെല്ലിനും തെളിവു സഹിതം പരാതി നൽകിയിട്ടുണ്ട്. ചില ട്രോൾ ഗ്രൂപ്പുകളുടെ പിന്നിൽ പ്രവർത്തിക്കുന്നവരാണ് ‘അധോലോകം’ അശ്ലീല സംഘത്തിലെ അംഗങ്ങളെന്ന് പരാതിക്കാരായ പെൺകുട്ടികൾ പറയുന്നു. ഇതേ ട്രോൾ ഗ്രൂപ്പിൽ തന്നെ അംഗങ്ങളായ പെൺകുട്ടികളെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നും പരാതിയിൽ പറയുന്നു. 

ഇതേ പേരിൽ മറ്റൊരു ക്ലോസ്ഡ് ഫെയ്സ്ബുക്ക് ഗ്രൂപ്പുമുണ്ട്. രാഷ്ട്രീയമായി വിയോജിക്കുന്നവരേയും നിലപാടുകൾ ഉറച്ചു പറയുന്ന പെൺകുട്ടികളേയും സൈബർ അശ്ലീല ആക്രമണത്തിലൂടെ തകർക്കുകയാണ് ‘അധോലോകം’ ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ രീതി.

ഫെയ്സ്ബുക്കിലെ ചില സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരേ പ്രതികരിച്ചതും സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞതുമാണ് തന്നെ അപമാനിക്കാൻ കാരണമായതെന്ന് പരാതിക്കാരിയായ ശാസ്താംകോട്ട സ്വദേശിനി പറഞ്ഞു. പരാതി നൽകിയതിനെ തുടർന്ന് ഭീഷണി ഫോൺ കോളുകൾ വരുന്നുണ്ട്. ഫെയ്സ്ബുക്കിൽ എന്തെങ്കിലും പോസ്റ്റ് ഇട്ടാലുടനെ നിരവധി മോശം കമന്റുകൾ അതിനു താഴെ വന്നതോടെയാണ് സംശയമുണ്ടായത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനെയൊരു ക്ലോസ്ഡ് ഗ്രൂപ്പ് ഉള്ളതായി അറിയാൻ കഴിഞ്ഞതെന്നും അവർ പറഞ്ഞു. 

അധോലോകം വാട്സ്ആപ്പ് ഗ്രൂപ്പിനെതിരേ ലഭിച്ച പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് സൈബർ സെൽ ഇൻ ചാർജ് വൈ.ടി പ്രമോദ് പറഞ്ഞു. ഗ്രൂപ്പിന്റെ അഡ്മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷം സാമൂഹിക മാധ്യമങ്ങൾ വഴി സ്ത്രീകളെ അപമാനിച്ചതിനും സൈബർ ആക്ട് പ്രകാരവും പ്രതികളായവർക്കെതിരേ കേസെടുക്കുമെന്ന് അ​ദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com