ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: അറസ്റ്റിന് കളമൊരുങ്ങി; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് പൊലീസ്

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ കേസ്  ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് ഉചിതം - തെളിവുകളില്‍ അവ്യക്തത ഉള്ളതിനാല്‍ അന്വേഷണം നീളുമെന്നാണ് പൊലീസിന്റെ വാദം
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി: അറസ്റ്റിന് കളമൊരുങ്ങി; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് പൊലീസ്


കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികപീഡനക്കേസ് അന്വേഷണം  ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ കേസ്  ക്രൈംബ്രാഞ്ചിന് കൈമാറുകയാണ് ഉചിതമെന്നു ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പൊലീസ് മേധാവിയെ അറിയിച്ചു.
തെളിവുകളില്‍ അവ്യക്തത ഉള്ളതിനാല്‍ അന്വേഷണം നീളുമെന്നാണ് പൊലീസിന്റെ വാദം. അന്വേഷണത്തിന്റെ അടുത്ത നടപടി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറുമായി ചര്‍ച്ചചെയ്തു തീരുമാനിക്കും.

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സഭയുടെ വിവിധ തലങ്ങളില്‍ നല്‍കിയ പരാതികളില്‍ കന്യാസ്ത്രീ പറഞ്ഞിട്ടില്ലെന്നാണ്  സാക്ഷികള്‍ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ അട്ടപ്പാടിയിലെ ധ്യാനകേന്ദ്രത്തിലെ വൈദികനോട് ഇക്കാര്യം കന്യാസ്ത്രീ പറഞ്ഞിരുന്നു. പൊലീസിലും സഭയിലും പരാതി നല്‍കാന്‍ ഈ വൈദികന്‍ കന്യാസ്ത്രീയെ ഉപദേശിച്ചിരുന്നു.  

ജലന്തര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികളില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരാതിക്കാരിയായ കന്യാസ്ത്രീയെ അറിയില്ലെന്നു ബിഷപ് പൊലീസിന് ആദ്യഘട്ടത്തില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍, കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ മാമോദീസ ചടങ്ങില്‍ ബിഷപ് പങ്കെടുത്തതിന്റെ ഫോട്ടോകളുണ്ട്. 

പരാതിയില്‍ പറയുന്ന ദിവസം മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട് നാടുകുന്നിലെ അതിഥിമന്ദിരത്തിലല്ല, തൊടുപുഴയിലെ കോണ്‍വന്റിലാണു താമസിച്ചതെന്ന ബിഷപ്പിന്റെ മൊഴിയിലും വൈരുധ്യമുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീ പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കും. കന്യാസ്ത്രീയുടെ വാദങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും ബിഷപ്പിനെ അപേക്ഷിച്ചു കൂടുതല്‍ തെറ്റുചെയ്തതു കന്യാസ്ത്രീ ആണെന്ന പി.സി.ജോര്‍ജ്ജിന്റെ പരമാര്‍ശങ്ങള്‍ക്കുമെതിരെ നിയമസഭാ സ്പീക്കര്‍ക്കും വനിതാ കമ്മിഷനിലും പൊലീസിലും പരാതി നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com