പ്രളയമാലിന്യങ്ങള്‍ എന്ത് ചെയ്യും?: ടണ്‍ കണക്കിന് പ്രളയമാലിന്യങ്ങള്‍ സംസ്ഥാനത്ത് കുമിഞ്ഞുകൂടുന്നു

പ്രളയമാലിന്യ ശേഖരണത്തിന് ചുമതലയുള്ള ക്ലീന്‍ കേരള കമ്പനി സംസ്ഥാനത്തുനിന്ന് ഇതുവരെ ശേഖരിച്ചത് 1500 ടണ്‍ മാലിന്യമാണ്.
പ്രളയമാലിന്യങ്ങള്‍ എന്ത് ചെയ്യും?: ടണ്‍ കണക്കിന് പ്രളയമാലിന്യങ്ങള്‍ സംസ്ഥാനത്ത് കുമിഞ്ഞുകൂടുന്നു

പ്രളയം വന്ന് പോയതോടെ നിരവധി പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിടേണ്ടി വരുന്നുണ്ട്. അതില്‍ വലിയൊരു പ്രതിസന്ധിയാണ് ടണ്‍ കണക്കിനുള്ള മാലിന്യങ്ങള്‍. ഇതില്‍ ഇ വേസ്റ്റ് തുടങ്ങി പ്ലാസ്റ്റിക് മാലിന്യം വരെയുണ്ട്. പ്രളയമാലിന്യ ശേഖരണത്തിന് ചുമതലയുള്ള ക്ലീന്‍ കേരള കമ്പനി സംസ്ഥാനത്തുനിന്ന് ഇതുവരെ ശേഖരിച്ചത് 1500 ടണ്‍ മാലിന്യമാണ്.

തുലാവര്‍ഷം വന്നെത്തുന്നതിന് മുന്‍പ് ഇത് സംസ്‌കരിച്ചില്ലെങ്കില്‍ വന്‍ പകര്‍ച്ചവ്യാധിയായിരിക്കും നമ്മെ ബാധിക്കാന്‍ പോകുന്നത്. ഇപ്പോള്‍ തന്നെ എലിപ്പനി മൂലം അന്‍പതിനോടടുത്ത് ആളുകള്‍ മരിച്ചു. ഇത് ഏറ്റവും വേഗം സംസ്‌കരിക്കാനുള്ള മാര്‍ഗമാണ് ബന്ധപ്പെട്ടവര്‍ നോക്കേണ്ടത്.

ഇതിനിടെ മാലിന്യങ്ങള്‍ തള്ളുന്നതിനെച്ചൊല്ലി പല സ്ഥലങ്ങളിലും സംഘര്‍ഷങ്ങളുമുണ്ടാകുന്നുണ്ട്. സംരക്ഷിത വനമേഖലയായ അതിരപ്പിള്ളിയില്‍ പ്രളയമാലിന്യം തള്ളാനുള്ള നീക്കം കഴിഞ്ഞദിവസം നാട്ടുകാര്‍ തടഞ്ഞു. കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റില്‍ വന്‍തോതിലാണ് പ്രളയമാലിന്യം എത്തുന്നത്. മറ്റ് ജില്ലകളില്‍നിന്നുപോലും കണക്കിലധികം മാലിന്യമെത്താന്‍ തുടങ്ങിയതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രളയത്തിനുശേഷം പുഴകളില്‍ പ്ലാസ്റ്റിക് മാലിന്യം വന്‍തോതില്‍ വന്നടിഞ്ഞിട്ടുണ്ട്. വരട്ടാര്‍, ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നിവയാണിതില്‍ പ്രധാനം. ഇതിന് പുറമേയാണ് പ്രളയമാലിന്യം തള്ളുന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷം. 

ഏറ്റവും കൂടുതല്‍ മാലിന്യം ലഭിച്ചത് കൊച്ചിയില്‍നിന്നാണ്-700 ടണ്‍. തൃശ്ശൂരില്‍നിന്ന് 294 ടണ്ണും വയനാടുനിന്ന് 250 ടണ്‍ മാലിന്യവുമാണ് ശേഖരിച്ചിട്ടുള്ളത്. ഏറ്റവും അവസാനം മാലിന്യശേഖരണം തുടങ്ങിയ ചെങ്ങന്നൂരില്‍ ആറു ടണ്‍ മാലിന്യം നീക്കി. 

ഇവേസ്റ്റ് ഹൈദരാബാദില്‍നിന്നുള്ള കമ്പനിക്കാണ് നല്‍കുന്നത്. പ്ലാസ്റ്റിക് മാലിന്യം നുറുക്കിയെടുത്ത് റോഡ് ടാറിങ്ങിനായി ഉപയോഗിക്കും. അല്ലാത്തവ ഭൂമി നിരപ്പാക്കാന്‍ നല്‍കുമെന്ന് ക്ലീന്‍ കേരള കമ്പനി അധികൃതര്‍ പറഞ്ഞു. ടെലിവിഷന്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇമാലിന്യമാണ് ഏറ്റവും അധികം പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

വെള്ളവും ചെളിയും കയറി ഒരുതരത്തിലും ഉപയോഗിക്കാനാവാത്ത കിടക്കകളാണ് മറ്റൊരു പ്രശ്‌നം. ചെങ്ങന്നൂരില്‍ മാത്രം 45,000 വീടുകളില്‍ വെള്ളം കയറി. ഒരു വീട്ടില്‍ രണ്ട് കിടക്കകള്‍ എന്ന കണക്കെടുത്താല്‍ തന്നെ ഒരുലക്ഷത്തിനടുത്ത് കിടക്കകളാണ് ചെങ്ങന്നൂര്‍ നഗരസഭയില്‍ മാത്രം ഉപേക്ഷിക്കപ്പെട്ടത്. കത്തിച്ചാല്‍ വലിയതോതില്‍ വായുമലിനീകരണം ഉണ്ടാകാനിടയുള്ള കിടക്കകള്‍ എന്തു ചെയ്യുമെന്നതിന് ഉത്തരമില്ല.

മറ്റൊന്ന് പ്ലാസ്റ്റിക് വെള്ളക്കുപ്പികളാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ലക്ഷക്കണക്കിന് വെള്ളക്കുപ്പികളാണ് എത്തിയത്. തുച്ഛമായ വിലയാണ് കിട്ടുന്നതെന്നതിനാല്‍ ആക്രി പെറുക്കുന്നവര്‍ പോലും ഇതെടുക്കുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com