വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും പേടിക്കില്ല; പ്രോസ്റ്റിറ്റ്യൂഷൻ എന്ന വാക്കുമാത്രമാണ് താന്‍ ഉപയോഗിച്ചതെന്ന് പിസി ജോര്‍ജ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th September 2018 08:10 PM |
Last Updated: 10th September 2018 08:12 PM | A+A A- |

തിരുവനന്തപുരം: വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്ന് പി സി ജോര്‍ജ് എംഎല്‍എ. കന്യാസ്ത്രീക്കെതിരെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ടെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നെന്നും ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീ കേസ് കൊടുത്താല്‍ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
പ്രോസ്റ്റിറ്റ്യൂഷൻ എന്ന വാക്കുമാത്രമാണ് ഞാന്‍ ഉപയോഗിച്ചത്. അത് മാത്രം എടുത്ത് ദേശീയ മാധ്യമങ്ങള്‍ തരംതാഴുകയാണ്. ഇക്കാര്യത്തില്‍ യാതൊരു പേടിയുമില്ല, പിസി ജോര്‍ജ് പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എംഎൽഎയുടെ അഭിപ്രായപ്രകടനം.
വനിതാ കമ്മീഷന്‍റേത് ഉത്തരവല്ലെന്നും അവര്‍ക്ക് തനിക്കെതിരെ കേസെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണെന്നും ഇക്കാര്യത്തില്‍ പോകണോ വേണ്ടയോ എന്ന് താന്‍ തീരുമാനിക്കുമെന്നുമാണ് ജോർജ്ജിന്റെ പ്രതികരണം. ഏത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ തന്‍റെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ചു സംസാരിച്ചതിന് പിന്നാലെ എംഎല്‍എയോട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു . ദില്ലിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ഈ മാസം 20ന് നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം.
സ്ത്രീകളെ സഹായിക്കുന്നതിന് പകരം നിയമസഭാ സാമാജികർ ഇത്തരം മോശം ഭാഷ പ്രയോഗിക്കുന്നതിൽ ലജ്ജ തോന്നുന്നു. സംഭവം വനിതാ കമ്മീഷൻ ഗൗരവത്തിലെടുത്തിട്ടുണ്ട്. ജോർജിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിപിക്കു നിർദേശം നൽകിയതായും രേഖ ശർമ പറഞ്ഞിരുന്നു.
ജലന്തര്‍ ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരായിട്ട് 13–ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയെന്നതില്‍ ദുരൂഹതയുണ്ടെന്നും ആയിരുന്നു പിസി ജോര്‍ജ് കഴിഞ്ഞദിവസം പറഞ്ഞത്.