പികെ ശശിക്കെതിരെ യുവതി പരാതി പറഞ്ഞു; നിനക്ക് ഒഴിഞ്ഞു മാറി നടന്നുകൂടേയെന്ന് നേതാവിന്റെ മറുപടി
By സമകാലികമലയാളം ഡെസ്‌ക് | Published: 11th September 2018 07:56 PM |
Last Updated: 11th September 2018 07:56 PM | A+A A- |

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ യുവതി യുവനേതാവിനോട് പരാതി പറഞ്ഞപ്പോള്‍ നിനക്ക് ഒഴിഞ്ഞുമാറി നടന്നുകൂടായിരുന്നോ എന്നായിരുന്നു മറുപടിയെന്ന് യുവതി. ഈ നേതാവിനെതിരെ പാര്‍ട്ടിയിലും യുവജനസംഘടനയിലും നടപടി വേണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അന്വേഷണ കമ്മീഷന് മുന്‍പില്‍ യുവതി ഇക്കാര്യം തുറന്നുപറയുമെന്നാണ് സൂചന
അതേസമയം പികെ ശശിക്കെതിരായ പീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടായേക്കും. യുവതി നല്‍കിയ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചവരും ഗുരുതരതെറ്റാണ് ചെയ്തതെന്നാണ് പാര്‍ട്ടിയിലെ പൊതുവികാരം.മഹിളാ അസോസിയേഷനിലെയും ഡിവൈഎഫഐയിലെയും ചിലനേതാക്കളാണ് യുവതിയെ പരാതി നല്‍കുന്നതില്‍ നിന്നും പിന്തരിപ്പിച്ചത്. ഇവര്‍ ശശിയുടെ സഹായത്താല്‍ സംഘടനയുടെ തലപ്പത്തെത്തിയവരാണെന്നും ആക്ഷേപം ഉണ്ട്.
ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചന ലഭിച്ചതോടെ പാര്‍ട്ടി ജില്ലാ കമ്മറ്റിയില്‍ ഭൂരിഭാഗവും ശശിക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എംഎല്‍എക്കെതിരെ നടപടിയുണ്ടാകുന്ന സാഹചര്യത്തില്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ യുവതിയെ പിന്തിരിപ്പിക്കാനും ശ്രമം തുടരുന്നുണ്ട്.