പ്രളയത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ആക്രി വിലയ്ക്ക് തട്ടിയെടുക്കാന്‍ മാഫിയ; അറ്റകുറ്റപ്പണി നടത്തി യൂസ്ഡ് കാര്‍ ഷോറൂമിലുടെ വിറ്റ് ലക്ഷങ്ങള്‍ കൊയ്യാനും നീക്കം
By സമകാലികമലയാളം ഡെസ്‌ക് | Published: 11th September 2018 07:34 AM |
Last Updated: 11th September 2018 07:34 AM | A+A A- |
കൊച്ചി: പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ ആക്രിവിലയ്ക്ക് തട്ടിയെടുത്ത് മറിച്ചുവില്‍ക്കാന്‍ മാഫിയാ സംഘം. ഇതരസംസ്ഥാനങ്ങളിലെ ആക്രി ഏജന്റുമാരുള്‍പ്പെടെ കൊളളയ്ക്ക് പിന്നിലുണ്ട്. ഉടമകളുടെ അറിവില്ലായ്മ മുതലെടുത്ത് വാഹന ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും ഒത്താശയോടെയാണ് കൊളള.
പ്രളയത്തില്‍പ്പെട്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കായി വാഹനഡീലര്‍മാരെ സമീപിക്കുന്നവരാണു ചതിയില്‍പ്പെടുന്നത്. ഇത്തരം വാഹനങ്ങള്‍ യാതൊരു പരിശോധനയും നടത്താതെ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച് ഡീലര്‍മാര്‍ കെട്ടിവലിച്ചുകൊണ്ടുപോകും. തുടര്‍ന്ന് വാഹനം ഇന്‍ഷുര്‍ ചെയ്തിട്ടുള്ളതിനെക്കാളും കൂടുതല്‍ തുകയുടെ എസ്റ്റിമേറ്റുകളാണ് അറ്റകുറ്റപ്പണികള്‍ക്കായി വാഹനഡീലര്‍മാര്‍ നിശ്ചയിക്കുക. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ അംഗീകരിക്കില്ല. തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്താന്‍ കഴിയില്ലെന്നു കാട്ടി ആക്രിവിലയ്ക്കു ലേലം ചെയ്യാനായി ഇവയെ ഇന്‍ഷുറന്‍സ് കമ്പനികള്‍ 'മുഴുവന്‍ നഷ്ടഗണത്തില്‍' ഉള്‍പ്പെടുത്തും.
ഇതോടെ പത്തുലക്ഷം രൂപ മുടക്കി വാങ്ങിയ വാഹനത്തിന് ഉടമയ്ക്കു ലഭിക്കുക ലേലത്തില്‍ ലഭിക്കുന്ന തുച്ഛമായ തുക മാത്രമായിരിക്കും. അത് ഒരു ലക്ഷം രൂപയില്‍ കൂടാന്‍ സാധ്യതയില്ലെന്നാണു വാഹനക്കച്ചവടക്കാര്‍ പറയുന്നത്. കേടുപറ്റിയ വാഹനങ്ങള്‍ എങ്ങനെ നന്നാക്കമെന്ന് കൂടി പരിശോധിക്കാതെയാണ് ഡീലര്‍മാര്‍ ഇവയെ എഴുതിത്തളളുന്നത്. സാധാരണ വര്‍ക്ക്‌ഷോപ്പില്‍ പോയാല്‍ ചുരുങ്ങിയ ചെലവില്‍ നന്നാക്കാന്‍ കഴിയുന്ന കേടുപാടുകള്‍ക്കു പോലും മിക്കവരും ഡീലര്‍മാരെ സമീപിക്കുകയാണ് പതിവ്. ഈ വിശ്വാസ്യതയാണു ചൂഷണത്തിനു മുതലാക്കുന്നത്.
ആക്രിവിലയ്ക്കു വാങ്ങിക്കൊണ്ടുപോകുന്ന വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തി ഡീലര്‍മാരുടെതന്നെ യൂസ്ഡ് കാര്‍ സര്‍വീസിലൂടെ വില്‍ക്കാനാണു നീക്കം. ഇതിലൂടെ ഉടമയ്ക്ക് വന്‍ നഷ്ടവും ഡീലര്‍മാര്‍ക്ക് വന്‍ ലാഭവുമാണു കൈവരിക. മാത്രമല്ല, പ്രളയത്തില്‍പ്പെട്ട വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്ക് എന്തൊക്കെ സഹായം നല്‍കുമെന്ന മാര്‍ഗരേഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രസിദ്ധീകരിച്ചിട്ടുമില്ലെന്ന് മേഖലയിലുളളവര്‍ പറയുന്നു.
പൂര്‍ണ നഷ്ടം വന്ന വാഹനങ്ങളുടെ ഗണത്തില്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ പുറത്തുപോലും നല്ല വിലയില്‍ വില്‍ക്കാന്‍ കഴിയില്ല. ഓണ്‍ലൈനില്‍ പരിശോധിച്ചാല്‍ നിജസ്ഥിതി അറിയാനും കഴിയും. അങ്ങനെ വരുമ്പോള്‍ വാഹനങ്ങള്‍ ഡീലര്‍മാര്‍ പറയുന്ന രീതിയില്‍ വില്‍ക്കുകയല്ലാതെ മാര്‍ഗമില്ലെന്ന നില വരും. ഈ അവസരം മുതലാക്കി ഡീലര്‍മാരുടെ ബിനാമികള്‍തന്നെയാണ് വാഹനങ്ങള്‍ ആക്രിവിലയ്ക്ക് വാങ്ങാനെത്തുന്നതെന്നാണ് ആരോപണം.