'ഇനിയും പിഴവിന് തയ്യാറല്ല' ; കാലാവസ്ഥ പ്രവചനത്തിന് ഐഎസ്ആര്‍ഒയുമായി കേരളം കൈകോര്‍ക്കുന്നു

ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറിയുമായി കേരളസര്‍ക്കാര്‍  പ്രാരംഭ ചര്‍ച്ചകള്‍ നടത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : ഓഖി ചുഴലിക്കാറ്റ്, സമീപകാലത്തെ പ്രളയക്കെടുതി എന്നിവ കേരള സര്‍ക്കാരിന് ഉണ്ടാക്കിയ പ്രതിസന്ധികള്‍ ചില്ലറയല്ല. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വേണ്ടത്ര ഫലപ്രദമായില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം ഓഖി ദുരന്തവും പ്രളയക്കെടുതിയും സര്‍ക്കാരിനെതിരെ വിമര്‍ശനത്തിനും വഴി തെളിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇത്തരം പിഴവുകള്‍ ആവര്‍ത്തിക്കരുത് എന്ന ലക്ഷ്യത്തോടെ, കാലാവസ്ഥാ പ്രവചനത്തില്‍ ഇന്‍ഡ്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി (ഐഎസ്ആര്‍ഒ) സഹകരിക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍. 

ഇതിന്റെ ഭാഗമായി ഐഎസ്ആര്‍ഒ സയന്റിഫിക് സെക്രട്ടറിയുമായി കേരളസര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. കാലാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, ഉപഗ്രഹ ചിത്രങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുകയാണ് ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍.

ഇതു സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് കാത്ത് വീണ്ടും പിഴവിന് കാത്തിരിക്കാനാവില്ലെന്ന് ചര്‍ച്ചയുടെ കാര്യം സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അതേസമയം ബഹിരാകാശ ഏജന്‍സി നേരിട്ട് കാലാവസ്ഥ മുന്നറിയിപ്പ് നല്‍കുമോ, അതോ രേഖകളും ഉപഗ്രഹ ചിത്രങ്ങളും മാത്രമാണോ കൈമാറുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല. 

ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍ ഉപഗ്രഹ ചിത്രങ്ങളും ഡാറ്റയും കേരള സര്‍ക്കാരിന് നല്‍കുമെന്നാണ് സൂചന. റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് ഡാറ്റയുടെ കൈവശ ചുമതല നിലവില്‍ എന്‍ആര്‍എസ്‌സിയ്ക്കാണ്. ഇന്‍ഡ്യന്‍ കാലാവസ്ഥാ വകുപ്പാണ്, കാലാവസ്ഥാ പ്രവചനത്തില്‍ രാജ്യത്തെ നോഡല്‍ ഏജന്‍സി. 

കാലാവസ്ഥാ വിവരങ്ങള്‍ക്ക് മറ്റ് ഏജന്‍സികളെ ആശ്രയിക്കുന്നത് ഐഎംഡി എതിര്‍ക്കുകയാണ്. എന്നാല്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിനെ മറികടന്ന്, ഐഎസ്ആര്‍ഒയില്‍ നിന്നും വിവരങ്ങള്‍ നേരിട്ട് ശേഖരിക്കുന്നുണ്ട്.  ഈ മാതൃക പിന്തുടര്‍ന്ന് കൂടുതല്‍ ഏജന്‍സികളുടെ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ തേടുകയാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com