ഒരാഴ്ചയ്ക്കുള്ളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകണം; ചോദ്യം ചെയ്യല്‍ ഏറ്റുമാനൂരില്‍ വച്ച്; കുരുക്ക് മുറുകുന്നു

കോട്ടയത്ത് നേരീട്ട് ഹാജരാകാനാകും നിര്‍ദ്ദേശം നല്‍കുക. ഏറ്റുമാനൂരില്‍ വെച്ചാവും ചോദ്യം ചെയ്യല്‍
ഒരാഴ്ചയ്ക്കുള്ളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരാകണം; ചോദ്യം ചെയ്യല്‍ ഏറ്റുമാനൂരില്‍ വച്ച്; കുരുക്ക് മുറുകുന്നു

കോട്ടയം:  ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍  ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കും. മറ്റന്നാള്‍  നോട്ടീസ് അയക്കാനാണ് തീരുമാനം. അന്വേഷണസംഘം നാളെ കൊച്ചിയില്‍ യോഗം ചേരും. കോട്ടയത്ത് നേരീട്ട് ഹാജരാകാനാകും നിര്‍ദ്ദേശം നല്‍കുക. ഏറ്റുമാനൂരില്‍ വെച്ചാവും ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍

വിജയ് സാഖരെയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യോഗം ചേര്‍ന്ന ശേഷമാകും അന്തിമതീരുമാനം. കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. കന്യാസ്ത്രീ മഠം വിട്ട രണ്ട് സ്ത്രീകള്‍ കൂടി ബിഷപ്പിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ബിഷപ്പില്‍ നിന്ന് അറിയേണ്ടതുണ്ട്. അതിന് ശേഷമാകും അറസ്റ്റ് തെയ്യാനുളള തീരുമാനം. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ജലന്ധറിലേക്ക് പോകേണ്ടതില്ലെന്നും ഐജി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തനിക്കെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതി ഗൂഢാലോചനയുടെ ഫലമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതികരണം. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയാണ്. സഭയ്ക്ക് എതിരായ ശക്തികളാണ് സമരത്തിന് പിന്നില്‍. കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ ആക്രമിക്കാനാണ് ഇവരുടെ ശ്രമം. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം കന്യാസ്ത്രീകള്‍ക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരം തനിക്കെതിരല്ല, മറിച്ച് സഭയ്‌ക്കെതിരായ സമരമാണ്. സഭയ്‌ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമായാണിത്. കേസന്വേഷണവുമായും, നിയമനടപടികളുമായും താന്‍ പൂര്‍ണമായും സഹകരിക്കും. പരാതിക്ക് പിന്നിലെ ലക്ഷ്യം ബ്ലാക്ക് മെയ്‌ലിംഗാണ്. പൊലീസിനെയും സര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിച്ചു.

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ നീതി ലഭിക്കും വരെ മുന്നോട്ടുപോകുമെന്ന് സമരരംഗത്തുള്ള കന്യാസ്ത്രീകള്‍ അറിയിച്ചിട്ടുണ്ട്. നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. മദര്‍ ജനറാളിന്റെ നിലപാടിന് പിന്നില്‍ ബിഷപ്പിന്റെ ഇടപെടലാണ്. കേസില്‍ സിപിഎം കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.

ബിഷപ്പിനെതിരായ പരാതിയില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ വത്തിക്കാന്‍ പ്രതിനിധിക്ക് കത്തയച്ച സംഭവം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, നീതിക്കായി എല്ലാ വാതിലുകളും മുട്ടുമെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു.

അതിനിടെ ബിഷപ്പിനെതിരായ കേസില്‍ മിഷണറീസ് ഓഫ് ജീസസ് കക്ഷി ചേരും. ഹൈക്കോടതിയിലെ കേസിലാണ് കക്ഷി ചേരുന്നത്. ബിഷപ്പിനെതിരായ പരാതി അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ മാറ്റമില്ല. സന്യാസി സമൂഹത്തിനെതിരെ മോശം പ്രചാരണമാണ് നടക്കുന്നത്. ഇല്ലാത്ത ആരോപണത്തിന്റെ പേരില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ക്രൂശിക്കുകയാണെന്നും സഭ അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com