'കൊന്നയില അരച്ച് തൈരില്‍ ചാലിച്ചു രണ്ടു നേരം പുരട്ടി, തൊലി ചുക്കിച്ചുളിഞ്ഞ് വികൃതമായി' ; മുറിവൈദ്യത്തിന്റെ അനുഭവം പറഞ്ഞ് ശാരദക്കുട്ടി

'കൊന്നയില അരച്ച് തൈരില്‍ ചാലിച്ചു രണ്ടു നേരം പുരട്ടി, തൊലി ചുക്കിച്ചുളിഞ്ഞ് വികൃതമായി' ; മുറിവൈദ്യത്തിന്റെ അനുഭവം പറഞ്ഞ് ശാരദക്കുട്ടി
'കൊന്നയില അരച്ച് തൈരില്‍ ചാലിച്ചു രണ്ടു നേരം പുരട്ടി, തൊലി ചുക്കിച്ചുളിഞ്ഞ് വികൃതമായി' ; മുറിവൈദ്യത്തിന്റെ അനുഭവം പറഞ്ഞ് ശാരദക്കുട്ടി

ലിപ്പനിക്കുള്ള പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചാരണം നടത്തിയതിന്റെ പേരില്‍, പ്രകൃതി ചികിത്സകന്‍ എന്നവകാശപ്പെടുന്ന ജേക്കബ് വടക്കന്‍ചേരിയെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി വിവാദം കൊഴുക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളില്‍. ജേക്കബ് വടക്കന്‍ചേരിയെ അനുകൂലിച്ച് പ്രമുഖര്‍ ഉള്‍പ്പെടെ പലരും രംഗത്തുവരുമ്പോള്‍ മുറിവൈദ്യം പരീക്ഷിച്ചതിന്റെ പഴയൊരു അനുഭവം വിവരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. കവിളിലെ വെളുത്തപാടിന് കൂട്ടുകാരി നിര്‍ദേശിച്ച മുറിവൈദ്യം വരുത്തിയ വിനയാണ് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ എഴുതിയ ഈ കുറിപ്പില്‍.

ശാരദക്കുട്ടിയുടെ കുറിപ്പ്: 

പണ്ടൊരിക്കല്‍ വലതു കവിളില്‍ ഒരു വെളുത്ത പാടു കണ്ടപ്പോള്‍ എന്റെ കൂട്ടുകാരിയാണ് റെക്കമന്റ് ചെയ്തത് കൊന്നയില അരച്ച് തൈരില്‍ ചാലിച്ച് പാടുള്ളയിടത്തു പുരട്ടാന്‍.രണ്ടു നേരം പുരട്ടിയതേയുള്ളു തൊലി ചുക്കിച്ചുളിഞ്ഞ് കുരുങ്ങി അത്രയും ഭാഗം വികൃതമായി. കൊന്നയിലയോട് ചേര്‍ന്നപ്പോള്‍ സ്വതേ സൗന്ദര്യ വര്‍ദ്ധക സിദ്ധിയുള്ള തൈരിനു കൈ വന്ന സംഹാരശേഷി ഭയപ്പെടുത്തിക്കളഞ്ഞു. പേടിയാണിപ്പോഴും കൊന്ന കാണുമ്പോള്‍.

കോളേജില്‍ ചെന്ന എന്നെ കണ്ട കൂട്ടുകാരി ഭയന്നു പോയി.അവരാകെ അസ്വസ്ഥയായി. ഞങ്ങളൊരുമിച്ച് ഡോക്ടറുടെയടുത്തു പോയി. പിഗ്മെന്റേഷനുള്ള മരുന്നും വൈറ്റമിന്‍ ഡി ഗുളികയും മുഖത്ത് വെയിലടിക്കുന്ന സൈഡിലിരുന്ന് യാത്രയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.14 ദിവസം മരുന്നു പുരട്ടി വെയില്‍ കൊണ്ടതോടെ മുഖം വൃത്തിയായി.അതിനു ശേഷം അശാസ്ത്രീയമായ ഒരു ചികിത്സയും എടുത്തിട്ടില്ല.

തൊട്ടടുത്ത വീട്ടിലെ 80 വയസുള്ള അമ്മച്ചി ഇന്നലെ പാഷന്‍ ഫ്രൂട്ടിന്റെ ഇലക്കു വന്നു. അതിട്ടു വെള്ളം കുടിച്ചാല്‍ ഷുഗര്‍ ലെവല്‍ താഴുമെന്ന് കേട്ടു വന്നതാണ്. എനിക്കു പഴയ ഓര്‍മ്മ വന്നു. 'ഇതു കഴിച്ച് വല്ല പാര്‍ശ്വഫലങ്ങളുമുണ്ടായാലോ? വയസ് ഇത്രയായില്ലേ, പാടില്ല.' എന്നു പറഞ്ഞ് തിരിച്ചയച്ചു.നെല്ലിക്കയും മഞ്ഞളും ഭക്ഷണത്തിലുള്‍പ്പെടുത്തു, മറ്റൊന്നും ചെയ്യരുതെന്നു പറഞ്ഞു. ഇല കൊടുക്കാനുള്ള മടിയെന്ന് അമ്മച്ചിക്കു തോന്നിയിരിക്കും. സാരമില്ല.

നമ്മള്‍ നിസ്സാരമെന്നു കരുതുന്ന ചെറിയ ഇലകള്‍ക്കു പോലും ശക്തിയുള്ള ഔഷധ ഗുണമുണ്ടാകാം. അത്ര തന്നെ വിഷവുമുണ്ടാകാം. പ്രകൃതി ഒരുക്കി വെച്ചിരിക്കുന്ന അത്ഭുതങ്ങള്‍ നമുക്കു പരീക്ഷിക്കാനുള്ളവയല്ല. മുറിവൈദ്യം കേട്ട് അവയ്ക്കു പിന്നാലെ പോയതിന്റെ ഭയം മുഖത്തെ പാടെല്ലാം മാറിയിട്ടും ഇന്നും എന്നെ വിട്ടു മാറിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com