പ്രളയകാലത്തെ ട്രെയിന്‍ ഗതാഗതം; യാത്ര മുടങ്ങിപ്പോയവര്‍ക്ക് പണം നഷ്ടമാകും; നല്‍കാന്‍ ചട്ടമില്ലെന്ന് റെയില്‍വേ

പ്രളയകാലത്ത് ട്രെയിന്‍ ഗതാഗതം മുടങ്ങിയതിനെ തുടര്‍ന്ന് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഇത്ര ദിവസമായിട്ടും പണം തിരികെ ലഭിച്ചില്ല
പ്രളയകാലത്തെ ട്രെയിന്‍ ഗതാഗതം; യാത്ര മുടങ്ങിപ്പോയവര്‍ക്ക് പണം നഷ്ടമാകും; നല്‍കാന്‍ ചട്ടമില്ലെന്ന് റെയില്‍വേ

കൊച്ചി: പ്രളയകാലത്ത് ട്രെയിന്‍ ഗതാഗതം മുടങ്ങിയതിനെ തുടര്‍ന്ന് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് പണം നഷ്ടമാകും. ട്രെയിന്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ പണം ഓട്ടോമറ്റിക്കായി അക്കൗണ്ടിലിടുക എന്നൊരു ചട്ടം റയില്‍വേയ്ക്കില്ലെന്നാണ് അധികൃതരുടെ മറുപടി. 

പ്രളയത്തെ തുടര്‍ന്ന് ഓഗസ്റ്റ് 15 മുതല്‍ 21 വരെ പല ട്രെയിനുകളും റെയില്‍വേ റദ്ദാക്കിയിരുന്നു. ഈ കാലത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഇതുവരെയായി പണം തിരികെ ലഭിച്ചില്ലെന്ന് അവര്‍ പറയുന്നു. 

ഓഗസ്റ്റ് 20ന് എറണാകുളത്ത് നിന്ന് തലശേരിക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. യാത്രക്കായി സ്‌റ്റേഷനിലെത്തിയപ്പോള്‍ ട്രെയിന്‍ ക്യാന്‍സലാണെന്ന അറിയിപ്പ് കിട്ടി. സ്വാഭാവികമായും പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെയായി അക്കൗണ്ടില്‍ ആ പണം എത്തിയിട്ടില്ല- എറണാകുളം ചിറ്റൂര്‍ സ്വദേശി മോഹനന്‍ മംഗലശ്ശേരില്‍ വ്യക്തമാക്കി. ആ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര മുടങ്ങിപ്പോയ മറ്റ് പലരുടേയും അവസ്ഥ സമാനമാണ്. 

കേരളത്തിലെ പ്രത്യേക സഹചര്യം കണക്കിലെടുത്ത് അന്ന് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനുള്ള അവസരം ഓഗസ്റ്റ് 29 വരെ നല്‍കിയിരുന്നു. ഈ ദിവസങ്ങളില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തവര്‍ക്ക് മാത്രമാണ് പണം തിരികെ നല്‍കിയിരിക്കുന്നത്. ട്രെയിന്‍ പെട്ടെന്ന് ക്യാന്‍സല്‍ ചെയ്തതിനെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്ത ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം പണം തിരികെ നല്‍കുക എന്നൊരു രീതി റെയില്‍വേയ്ക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com