മഞ്ഞമഴ, പകല്‍ ചൂടും രാത്രി തണുപ്പും; പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തെ കാലാവസ്ഥ

പ്രളയത്തിന് ശേഷം ഒന്നിലധികം തവണയായി ഇവിടെ മഞ്ഞ നിറത്തില്‍ മഴത്തുള്ളികള്‍ പതിക്കുന്ന പ്രതിഭാസം കാണപ്പെടുന്നത്
മഞ്ഞമഴ, പകല്‍ ചൂടും രാത്രി തണുപ്പും; പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തെ കാലാവസ്ഥ

പറവൂര്‍: മാല്യങ്കര പ്രദേശത്തെ മഴത്തുള്ളികളുടെ മഞ്ഞനിറം ആശങ്ക തീര്‍ക്കുന്നു. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് ഇവിടെ മഴ പെയ്തത്. പ്രളയത്തിന് ശേഷം ഒന്നിലധികം തവണയായി ഇവിടെ മഞ്ഞ നിറത്തില്‍ മഴത്തുള്ളികള്‍ പതിക്കുന്ന പ്രതിഭാസം കാണപ്പെടുന്നത്. 

മഴ പെയ്യുമ്പോള്‍ ഈ നിറവ്യത്യാസം ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിലും, മഴത്തുള്ളികള്‍ ഉണങ്ങി കഴിയുമ്പോള്‍ മഞ്ഞപ്പൊടി പോലെ കാണുന്നു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ പാകിയിരിക്കുന്ന ടൈലുകളിലാണ് ഈ മഞ്ഞനിറം വ്യക്തമായി കാണുന്നത്. 

മഞ്ഞ മഴയ്ക്ക് പിന്നില്‍ എന്തെന്നത് പ്രദേശവാസികളില്‍ ആശങ്ക തീര്‍ക്കുന്നുണ്ട്. മഴ മാറിയതിന് പിന്നാലെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നതിന് ഇടയിലാണ് മഞ്ഞമഴയുടെ ആശങ്കയും വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എട്ട് ഡിഗ്രി വരെയാണ് ചൂട് കൂടിയത്. 

ഇതോടെ സൂര്യാതപമേറ്റുള്ള അപകടങ്ങളും കൂടി. വയനാട്, തൃശൂര്‍ ജില്ലകളിലായി രണ്ട് പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ സൂര്യാതപം ഏറ്റിരിക്കുന്നത്. പകല്‍ ചൂടും, രാത്രി തണുപ്പും എന്ന അവസ്ഥയാണ് ആശങ്ക തീര്‍ക്കുന്നത്. ഇടുക്കി, വയനാട് ജില്ലകളിലാണ് ഈ ചൂടും തണുപ്പും കൂടുതല്‍ ആശങ്ക തീര്‍ക്കുന്നത്. 

22 ഡിഗ്രി സെല്‍ഷ്യസായിരുന്നു മൂന്നാറിലെ തിങ്കളാഴ്ചത്തെ കൂടിയ താപനില. കുറഞ്ഞ താപനില 9 ഡിഗ്രി സെല്‍ഷ്യസും. എന്നാല്‍ ഇടുക്കി ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ പകല്‍ സമയം താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച 34 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 32 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇവിടുത്തെ താപനില. 

മഴമേഘങ്ങള്‍ ഇല്ലാത്തതാണ് സംസ്ഥാനത്ത് കനത്ത ചൂടിന് കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് സെപ്തംബറിലായിരുന്നു. എന്നാല്‍ ഇത്തവണ ഈ സമയം മഴ മേഘങ്ങള്‍ തീരെയില്ല. ഇതോടെ സൂര്യപ്രകാശം നേരിട്ട് ഭൂമിയില്‍ എത്തുകയും, ചൂട് കൂടുകയും ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com