പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് വെള്ളവും വൈദ്യുതിയും പാചക വാതകവും സൗജന്യമായി നല്‍കണം; അമിക്കസ് ക്യൂരി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th September 2018 11:06 AM |
Last Updated: 12th September 2018 11:06 AM | A+A A- |

കൊച്ചി: പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതിയും വെള്ളവും പാചക വാചതകവും നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന്, പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതിയുടെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂരിയുടെ റിപ്പോര്‍ട്ട്. പുതിയൊരു ജീവിതം തുടങ്ങുന്നതിന് പ്രളയ ബാധിതകര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണെന്ന് അമിക്കസ് ക്യൂരി ജേക്കബ് അലക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയ ബാധിതര്‍ക്ക് വെള്ളം, വൈദ്യുതി, പാചക വാതകം എന്നിവ സൗജ്യമായി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. നിശ്ചിത കാലത്തേക്ക് ഈ സൗജന്യം തുടരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ളതും പൊതു പണം മുടക്കുന്നതുമായി കലോത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കാനുള്ള തീരുമാനം തെറ്റായ ഫലമാണ് ഉണ്ടാക്കുകയെന്നും അമിക്കസ് ക്യൂരി കോടതിയെ അറിയിച്ചു. ഇത്തരം പരിപാടികളെ നേരിട്ടോ അല്ലാതെയോ ആശ്രയിച്ചു ഉപജീവനം കണ്ടെത്തുന്നവരെ ബാധിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയ ദുരിതാശ്വാസ സഹായം സംബന്ധിച്ച നിരവധി പരാതികളാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. ഇവയുമായി ബന്ധപ്പെട്ട് 19ന് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.