ദുരിതാശ്വാസവുമായി ബന്ധപ്പെട്ട രസീതുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍: വ്യാജ പിരിവാണെന്ന് സൂചന

സമാന രസീതുകള്‍ ഉപയോഗിച്ച് പിരിവ് നടത്തിയോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പന്തളം: ദുരിതാശ്വാസവുമായി ബന്ധപ്പെട്ടു ആളുകളില്‍ നിന്ന് പണം പിരിക്കാനുള്ള രസീതുകള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. പ്രളയവുമായി ബന്ധപ്പെട്ട് അനേകം തട്ടിപ്പുകള്‍ സംഭവിക്കുന്ന സമയത്ത് ഇത് വ്യാജ പിരിവിനു വേണ്ടിയുണ്ടാക്കിയതെന്നാണ് സംശയം. കുരമ്പാല- കീരുകുഴി റോഡില്‍ കുളവള്ളി പാലത്തിനു സമീപമുള്ള തോട്ടിലും പരിസരത്തുമായി ഇന്നലെ രാവിലെയാണ് രസീത് ബുക്കുകള്‍ കണ്ടത്. സമാന രസീതുകള്‍ ഉപയോഗിച്ച് പിരിവ് നടത്തിയോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. 

രാവിലെ നടക്കാനിറങ്ങിയ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ഇവ കണ്ടെത്തിയത്. പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐ എത്തി രസീതുകള്‍ കസ്റ്റഡിയില്‍ എടുത്തു. 'കേരള ഫ്‌ലെഡ് റിലീഫ്' എന്നാണ് തലക്കെട്ട്. സീരിയര്‍ നമ്പര്‍, അക്കത്തിലും അക്ഷരത്തിലും തുക എഴുതാനുള്ള സ്ഥലം, സെക്രട്ടറി എന്നിവയും അച്ചടിച്ചിട്ടുണ്ട്. 

ഇത് അംഗീകൃത സംഘടനകളുടെ രസീത് അല്ലെന്നാണ് പൊലീസ് പറയുന്നത്. കുളവള്ളി പാലത്തില്‍ നിന്ന് തോട്ടിലേക്കെറിഞ്ഞപ്പോള്‍ കൈവരിയില്‍ തട്ടി ചിതറിയതാണെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് എസ്‌ഐ അറിയിച്ചു. 04734 252222.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com