കുട്ടനാട് പാക്കേജിന് രണ്ടാം ഘട്ടം വരുന്നു; കൃഷിവകുപ്പിന്റെ പ്രത്യേക പദ്ധതി; കോർ കമ്മിറ്റി രൂപീകരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th September 2018 07:16 PM |
Last Updated: 13th September 2018 07:16 PM | A+A A- |

തിരുവനന്തപുരം: കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിച്ച് പൂർണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി 1841 കോടിയുടെ കടലാസിൽ ഒതുങ്ങിപ്പോയ പാക്കേജിന്റെ രണ്ടാം ഘട്ടം വരുന്നു. കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി കൃഷിവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയാണ്. ഇതിനായി കാർഷികോത്പാദന കമ്മീഷണർ കൺവീനറായും കാർഷിക സർവകലാശാലാ വൈസ്ചാൻസലർ, കൃഷി വകുപ്പ് ഡയറക്ടർ, സോയിൽ സർവേ ഡയറക്ടർ, വില നിർണയ ബോർഡ് ചെയർമാൻ എന്നിവർ അംഗങ്ങളുമായി കോർ കമ്മിറ്റി രൂപീകരിച്ചു. ജലസ്രോതസുകളുടെ സംരക്ഷണം, ആഴം കൂട്ടൽ, പഞ്ചായത്തുകളിൽ സംഭരണ കേന്ദ്രങ്ങൾ എന്നിവയെല്ലാം പുതിയ പാക്കേജിലുണ്ടാകും.
മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള മാർഗങ്ങൾ അടക്കമുള്ളതാവും പുതിയ പാക്കേജ്. പ്രളയമുണ്ടായാൽ ആളുകളെ സുരക്ഷിതമായി മാറ്റിത്താമസിപ്പിക്കാനും ഭക്ഷണമൊരുക്കാനും സ്ഥിരം കേന്ദ്രങ്ങളുമുണ്ടാകും.
പകുതിയിലേറെ പദ്ധതികളും ഉപേക്ഷിക്കപ്പെട്ട് പരാജയപ്പെട്ട സ്ഥിതിയിലാണ് 2010 സെപ്റ്റംബറിൽ തുടക്കമിട്ട കുട്ടനാട് പാക്കേജ്. അഞ്ച് വർഷത്തിനിടെ ഭരണാനുമതി ലഭിച്ചത് 1270.27 കോടിയുടെ പദ്ധതികൾക്ക് മാത്രം. അനുവദിച്ച തുകയാവട്ടെ 446 കോടിയും. കൃഷി, ജലസേചനം അടക്കം നിരവധി വകുപ്പുകൾ ചേർന്ന് നടത്തേണ്ട പദ്ധതികൾ നിയന്ത്രിക്കാൻ കേന്ദ്രീകൃത സംവിധാനമില്ലാത്തതായിരുന്നു തകരാർ. ക്ഷേത്രക്കുളങ്ങൾ കരിങ്കല്ലുകെട്ടി സംരക്ഷിച്ചതും കുട്ടനാട്ടുകാർക്ക് താറാവും പശുക്കുട്ടികളെയും വിതരണം ചെയ്തതുമൊക്കെയാണ് കുട്ടനാട് പാക്കേജിൽ നടന്നത്.