അന്വേഷണം നല്ല രീതിയില്‍ ; സിബിഐ വേണ്ട, അറസ്റ്റിന് തിടുക്കം വേണ്ടെന്ന് ഹൈക്കോടതി

കുറ്റസമ്മത മൊഴി മാത്രം പോരാ, അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കൂടി വേണമെന്ന് കോടതി
അന്വേഷണം നല്ല രീതിയില്‍ ; സിബിഐ വേണ്ട, അറസ്റ്റിന് തിടുക്കം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. കുറ്റസമ്മത മൊഴി മാത്രം പോരാ, അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കൂടി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവര്‍ അല്‍പ്പം കൂടി ക്ഷമ കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. 

ബിഷപ്പിന്റെ അറസ്റ്റ് എപ്പോള്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാം. പഴക്കമുള്ള കേസായതിനാല്‍ കാലതാമസം നേരിടുന്നത് സ്വാഭാവികമാണ്. പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ തെളിവു ശേഖരണം തടസ്സപ്പെടും. അറസ്റ്റിനേക്കാള്‍ വലുതല്ലേ, ബിഷപ്പിന് കിട്ടുന്ന ശിക്ഷയെന്നും കോടതി ചോദിച്ചു. കൃത്യമായ തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ കോടതിയിലെത്തുമ്പോള്‍ കേസ് ദുര്‍ബലമാകുമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. 

തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അത് പ്രതിയുടെ കയ്യെത്താത്ത ദൂരത്താണ്. ഇതിനാല്‍ തെളിവുകല്‍ നശിപ്പിക്കപ്പെടുമെന്ന ഭയം വേണ്ട. പരാതിക്കാരിക്കോ, സാക്ഷികള്‍ക്കോ ഭീഷണി ഉണ്ടായാല്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

സ്വതന്ത്രമായ അന്വേഷണം നടക്കണം. പ്രതിയുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കേസന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. മൊഴികളിൽ വൈരുദ്ധ്യമുണ്ട്.  ബിഷപ്പിനെ ചോദ്യം ചെയ്തശേഷമേ അറസ്റ്റ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ എന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
 
അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോേഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബിഷപ്പിനെ ചോദ്യം ചെയ്തശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് പരി​ഗണിക്കുന്നത് ഈ മാസം 24 ലേക്ക് കോടതി മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com