ഉത്തരവ് എഴുതിയ ഉദ്യോഗസ്ഥന്‍ തന്നെ നോ പറഞ്ഞു; ഇടത് സംഘടനാ നേതാവിന് സ്ഥലമാറ്റം; വിവാദം

പ്രളയദുരത്തില്‍പ്പെട്ടവര്‍ക്കു നേരേ ഏതെങ്കിലും രീതിയില്‍ സഹായഹസ്തം നീട്ടാത്തവര്‍ കുറവാണ്. ഓര്‍ക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്
ഉത്തരവ് എഴുതിയ ഉദ്യോഗസ്ഥന്‍ തന്നെ നോ പറഞ്ഞു; ഇടത് സംഘടനാ നേതാവിന് സ്ഥലമാറ്റം; വിവാദം

തിരുവനന്തപുരം: സാലറി ചാലഞ്ച് ഉത്തരവ് തയ്യാറാക്കിയ ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറെ സ്ഥലം മാറ്റി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനാവില്ലെന്ന് നിലപാട് എടുത്തതോടെയാണ് അനില്‍ രാജിനെ സ്ഥലം മാറ്റിയതെന്നാണ് സൂചന. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ ആവില്ലെന്ന് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇദ്ദേഹം പോസ്റ്റിട്ടിരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ് അനില്‍രാജ്

ധനകാര്യ ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പായ ഫിനാന്‍സ് ഫ്രന്‍സില്‍ ഇന്നലെയാണ് അനില്‍രാജ് പോസ്്റ്റ് ഇട്ടത്.  മാസശമ്പള ചാലഞ്ചിന് പിന്തുണ. നല്‍കാന്‍ കഴിവുള്ളവര്‍ തീര്‍ച്ചയായും നല്‍കണം. അത്തരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍. ശമ്പളം നല്‍കാന്‍ കഴിവില്ലാത്തവരുമുണ്ട്. അവരും സമൂഹത്തിന്റെ പരിച്ഛേദങ്ങളാണ്. അവരെ പുച്ഛിക്കരുത്. കളിയാക്കരുത്. കാരണം, പ്രളയദുരത്തില്‍പ്പെട്ടവര്‍ക്കു നേരേ ഏതെങ്കിലും രീതിയില്‍ സഹായഹസ്തം നീട്ടാത്തവര്‍ കുറവാണ്. ഓര്‍ക്കുക, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വടംവലിയല്ല നടക്കേണ്ടത്. മറിച്ച്, സഹകരണമാണ് എ്ന്നായിരുന്നു പോസ്റ്റ്

ഈ സന്ദേശത്തോട് അനൂകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ മറുപടികള്‍ ഗ്രൂപ്പിലെത്തിയതോടെ അനില്‍ രാജ് തന്റെ നിസഹായതയും നിലപാടും വ്യക്തമാക്കി മറ്റൊരു സന്ദേശമിട്ടു. ''32 ദിവസത്തെ ശമ്പളം ഇല്ലാതെ സമരം ചെയ്തയാളാണു ഞാന്‍. പക്ഷേ, ഇക്കുറി എന്റെ പരമാവധി ഞാനും എന്റെ കുട്ടികളും വീട്ടുകാരും ചേര്‍ന്നു ചെയ്തു. സാലറി ചാലഞ്ചിന് ആദ്യത്തെ 'നോ' ആകട്ടെ എന്റേത്. കഴിവില്ല. അതു തന്നെ ഉത്തരം. ഞാനും എന്റെ ഭാര്യയും സര്‍ക്കാര്‍ ജീവനക്കാരാണ്. രണ്ടു പേര്‍ക്കും സാലറി ചാലഞ്ച് ഏറ്റെടുക്കണമെന്നുണ്ട്. പക്ഷേ, ചില പരാധീനതകള്‍ അതിനു വിലങ്ങിടുന്നു. അതു കൊണ്ട് ഭാര്യ ചാലഞ്ച് ഏറ്റെടുത്തു. പകരം ഞാന്‍ 'നോ' പറഞ്ഞു. സംഭവം ഇതായിരിക്കെ ഞാന്‍ ഇതിന് എതിരാണെന്ന മട്ടില്‍ പറഞ്ഞു നടന്നു. അതു വേണ്ട. കാരണം ഇത് ജനങ്ങളുടെ ഒപ്പമുള്ള ജനകീയ സര്‍ക്കാര്‍. എന്നും അതിനൊപ്പം മാത്രം.''

ദേശീയ സമ്പാദ്യപദ്ധതിയുടെ ഓഫീസിലേക്കാണ് സ്ഥലം മാറ്റം. സാലറി ചാലഞ്ചിനെതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനിടെയാണ് ഭരണപക്ഷ സംഘടനയില്‍ നിന്നും വ്യത്യസ്ത അഭിപ്രായമുയര്‍ന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com