കോടതിയും നീതി നിഷേധിക്കുന്നു; പൊലീസ് അന്വേഷണം അട്ടിമറിക്കുന്നു: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള കന്യാസ്ത്രീയുടെ പീഡനക്കേസ് പരാതിയില്‍ കോടതി പോലും തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നുവെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍
കോടതിയും നീതി നിഷേധിക്കുന്നു; പൊലീസ് അന്വേഷണം അട്ടിമറിക്കുന്നു: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പിന് എതിരെയുള്ള കന്യാസ്ത്രീയുടെ പീഡനക്കേസ് പരാതിയില്‍ കോടതി പോലും തങ്ങള്‍ക്ക് നീതി നിഷേധിക്കുന്നുവെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. അന്വേഷണം അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു.  മതിയായ തെളിവുകളില്ലാതെ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യരുത് എന്ന ഹൈക്കോടതി നിരീക്ഷണത്തിന് എതിരെ പ്രതികരിക്കുകയായിരുന്നു അവര്‍. 

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. കുറ്റസമ്മത മൊഴി മാത്രം പോരാ, അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ കൂടി വേണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവര്‍ അല്‍പ്പം കൂടി ക്ഷമ കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

ബിഷപ്പിന്റെ അറസ്റ്റ് എപ്പോള്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാം. പഴക്കമുള്ള കേസായതിനാല്‍ കാലതാമസം നേരിടുന്നത് സ്വാഭാവികമാണ്. പൊലീസിന് മേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ തെളിവു ശേഖരണം തടസ്സപ്പെടും. അറസ്റ്റിനേക്കാള്‍ വലുതല്ലേ, ബിഷപ്പിന് കിട്ടുന്ന ശിക്ഷയെന്നും കോടതി ചോദിച്ചു. കൃത്യമായ തെളിവുകള്‍ ശേഖരിച്ചില്ലെങ്കില്‍ കോടതിയിലെത്തുമ്പോള്‍ കേസ് ദുര്‍ബലമാകുമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു.അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സമരം ആറാംദിവസത്തേക്ക് കടന്നു. സമരത്തിന് ഓരോദിവസവും ജനപിന്തുണ ഏറിവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com