പ്രളയദുരിതം പേറുന്ന വീട്ടമ്മയെ വലച്ച് ബാങ്ക്, ദുരിതാശ്വാസ തുക തിരികെ വാങ്ങി

അക്കൗണ്ടില്‍ നിന്നും 10,000 രൂപ പിന്‍വലിച്ച് ബാങ്കില്‍ നിന്നും മടങ്ങവെ ഉദ്യോഗസ്ഥര്‍ പിന്നാലെ എത്തി ഈ തുക തിരികെ വാങ്ങുകയായിരുന്നു
പ്രളയദുരിതം പേറുന്ന വീട്ടമ്മയെ വലച്ച് ബാങ്ക്, ദുരിതാശ്വാസ തുക തിരികെ വാങ്ങി

ആലുവ: പ്രളയക്കെടുതിയുടെ ദുരിതം പേറുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന 10000 രൂപയുടെ ധനസഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടക്കവെ വീട്ടമ്മയില്‍ നിന്നും ദുരിതാശ്വാസത്തുക തിരികെ വാങ്ങി ബാങ്ക്. തന്റെ അക്കൗണ്ടില്‍ നിന്നും 10,000 രൂപ പിന്‍വലിച്ച് ബാങ്കില്‍ നിന്നും മടങ്ങവെ ഉദ്യോഗസ്ഥര്‍ പിന്നാലെ എത്തി ഈ തുക തിരികെ വാങ്ങുകയായിരുന്നു. 

ജന്‍ ധന്‍ അക്കൗണ്ടിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ നടപടി. എസ്ബിഐയുടെ മുപ്പത്തടം ശാഖയിലായിരുന്നു സംഭവം. പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ പുതുവല്‍ പറമ്പ് സാബുവിന്റെ ഭാര്യ സുധയ്ക്കായിരുന്നു ബാങ്കില്‍ നിന്നും ദുരനുഭവം ഉണ്ടായത്. 

10,810 രൂപയായിരുന്നു സുധയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. മിനിമം ബാലന്‍സ് വേണ്ടാത്ത ജന്‍ധന്‍ അക്കൗണ്ടായിരുന്നു ഇത്. എന്നാല്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും തുക കുറയ്ക്കാന്‍ സാധിക്കുന്നില്ല എന്ന് പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ പണം തിരികെ വാങ്ങിയെടുക്കുകയായിരുന്നു. 

10,000 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കണം എങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുകയോ, 2000 രൂപ അടച്ചു പുതിയ എസ്ബിഐ അക്കൗണ്ട് തുറക്കുകയോ ചെയ്യണം എന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞത്. ബാങ്ക് നിലപാട് മാറ്റാതിരുന്നതോടെ പഞ്ചായത്ത് അംഗവുമായി സുധ എത്തിയെങ്കിലും കാര്യമുണ്ടായില്ല. 

ഒടുവില്‍ അക്കൗണ്ട് ക്ലോസ് ചെയ്ത് സുധ പണം എടുക്കുകയായിരുന്നു. കിണര്‍ നന്നാക്കിയവര്‍ക്ക് കൂലി കൊടുക്കാനുള്ള പണത്തിന് അത്യാവശ്യത്തിന് വേണ്ടിയായിരുന്നു പണം പിന്‍വലിക്കാന്‍ ഇവര്‍ എത്തിയത്. ജന്‍ധന്‍ അക്കൗണ്ട് പിന്‍വലിച്ചതും സുധയ്ക്ക് വീണ്ടും കുഴപ്പമായി. 

കുടുംബശ്രീയില്‍ ഒരു ലക്ഷം രൂപയുടെ ധനസഹായത്തിനായി നല്‍കിയിരിക്കുന്നതും, പട്ടികജാതി വകുപ്പില്‍ നിന്നും ധനസഹായത്തിനായി നല്‍കിയിരിക്കുന്നതും ഇപ്പോള്‍ ക്ലോസ് ചെയ്തിരിക്കുന്ന ഈ ജന്‍ധന്‍ അക്കൗണ്ട് നമ്പറാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com