നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം ; അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം, ചരിത്ര വിധിയുമായി സുപ്രീംകോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th September 2018 11:01 AM |
Last Updated: 14th September 2018 11:19 AM | A+A A- |

ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമെന്ന് സുപ്രീംകോടതി. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയായിരുന്നു. നമ്പി നാരായണന് നൽകേണ്ട നഷ്ടപരിഹാര തുക 50 ലക്ഷമായി സുപ്രീംകോടതി ഉയർത്തി. അറസ്റ്റിലേക്ക് നയിച്ചതിന് പിന്നിലെ ചേതോവികാരം അന്വേഷിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയും സുപ്രീംകോടതി നിയമിച്ചു.
സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഡികെ ജയിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരായ മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെ ഉളളവര്‍ക്കെതിരെ നടപടി വേണമെന്ന നമ്പി നാരായണന്റെ ആവശ്യത്തില്‍ തീരുമാനം എടുക്കുക.
ചാരക്കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍ ശാസ്ത്രജഞന്‍ നമ്പി നാരായണന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 24 വര്‍ഷം നീണ്ട നിയമ പേരാട്ടത്തിന് തീര്‍പ്പ് കല്‍പ്പിച്ച വിധി പുറപ്പെടുവിച്ചത് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ്.
കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന്, വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കള്ളക്കേസില്‍ കുടുക്കിയതിനു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പി നാരായണന്‍ ആവശ്യപ്പെട്ടത്.
കേസില്‍ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. നമ്പിനാരായണനെ മന:പൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുടെ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്നും പറഞ്ഞു.
എന്നാല്‍, സംസ്ഥാനസര്‍ക്കാരിന്റെ അന്വേഷണം പോരേയെന്ന് കോടതി ആരാഞ്ഞിരുന്നു. സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിലപാട് എടുത്തത്. നഷ്ടപരിഹാരം ആദ്യം സംസ്ഥാനസര്‍ക്കാര്‍ നമ്പി നാരായണന് നല്‍കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് തുക ഈടാക്കാവുന്നതാണെന്നും നിരീക്ഷിച്ചിരുന്നു. കേസില്‍ പ്രതി ചേര്‍ത്ത 1994 നവംബര്‍ 30 നാണ് നമ്പി നാരായണനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ്. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നായിരുന്നു ആരോപണം. കേസ് ആദ്യം അന്വേഷിച്ച സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അവകാശപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തില്‍ കുറ്റാരോപിതര്‍ക്കെതിരെ തെളിവ് ഇല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയായിരുന്നു. ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് രാജിവെക്കേണ്ടി വരികയും ചെയ്തിരുന്നു.