കലക്ടര്‍ ഏറ്റെടുത്ത സ്ഥലം സമരക്കാര്‍ പൂട്ടി, പൂട്ട് പൊളിച്ച് ഉദ്യോഗസ്ഥര്‍

പറവൂര്‍, എടത്തല, കീഴ്മാട് പഞ്ചായത്തുകളിലെ മാലിന്യം ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ സ്ഥലം ഏറ്റെടുത്തത്
കലക്ടര്‍ ഏറ്റെടുത്ത സ്ഥലം സമരക്കാര്‍ പൂട്ടി, പൂട്ട് പൊളിച്ച് ഉദ്യോഗസ്ഥര്‍

കളമശേരി: പ്രളയത്തില്‍ വന്ന് അടിഞ്ഞു കൂടിയ അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് വേണ്ടിയായിരുന്നു എഴുപത് ഏക്കര്‍ സ്ഥലം കലക്ടര്‍ ഏറ്റെടുത്തത്. ദുരന്തനിവാരണ നിയമപ്രകാരമായിരുന്നു ഇത്. എന്നാല്‍ ഈ എഴുപത് ഏക്കറിലേക്ക് പ്രവേശിക്കാനുള്ള ഗേറ്റ് പ്രതിഷേധക്കാര്‍ താഴിട്ടു പൂട്ടി. എന്നാല്‍ പിന്നാലെ എത്തിയ ഉദ്യോഗസ്ഥര്‍ സമരക്കാരുടെ പൂട്ട് പൊളിച്ചു. 

പറവൂര്‍, എടത്തല, കീഴ്മാട് പഞ്ചായത്തുകളിലെ മാലിന്യം ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു ഈ സ്ഥലം ഏറ്റെടുത്തത്. എന്നാല്‍ സമരക്കാര്‍ ഉദ്യോഗസ്ഥര്‍ പൂട്ടിയ താഴ് തകര്‍ത്ത് മറ്റ് രണ്ട് താഴുകള്‍ ഉപയോഗിച്ച് ഗേറ്റ് പൂട്ടുകയായിരുന്നു. അറുന്നൂറ് ലോഡ് മാലിന്യമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. മാലിന്യം ഇടാനുള്ള നീക്കത്തെ തടയണം എന്നാണ് നഗരസഭാ കൗണ്‍സില്‍ തീരുമാനം എടുത്തത്. 

എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ മാത്രമാണ് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നേതാക്കള്‍ എത്തി, കലക്ടറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെ മാലിന്യം തള്ളാവു എന്ന് ഉദ്യോഗസ്ഥരെ അറിയിച്ച് മടങ്ങി. 

മറ്റ് പഞ്ചായത്തുകളില്‍ നിന്നുമുള്ള മാലിന്യം ഇവിടെ ശേഖരിക്കാന്‍ പറ്റില്ലെന്നാണ് നഗരസഭയുടെ  നിലപാട്. എന്നാല്‍ മാലിന്യം തത്കാലത്തേക്ക് മാത്രമാണ് കളമശേരിയില്‍ സംഭരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com