ബിഷപ്പിന്റെ അറസ്റ്റ്?; ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികള്‍ കളവ്, കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു,നിര്‍ണായക മൊഴികള്‍ ഇങ്ങനെ

കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്ന നിര്‍ണായക മൊഴികള്‍ പൊലീസിന് ലഭിച്ചു.
ബിഷപ്പിന്റെ അറസ്റ്റ്?; ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികള്‍ കളവ്, കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു,നിര്‍ണായക മൊഴികള്‍ ഇങ്ങനെ

കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്ന നിര്‍ണായക മൊഴികള്‍ പൊലീസിന് ലഭിച്ചു. ഒപ്പം പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുധ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണവും ലഭിച്ചു.ഇതുവരെ രേഖപ്പെടുത്തിയ എണ്‍പത്തൊന്ന് മൊഴികളില്‍ മൂന്നെണ്ണമാണ് ബിഷപ്പിനെതിരായ നടപടികള്‍ക്ക് ഏറ്റവും നിര്‍ണായകമാകുകയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ബിഷപ്പിന്റെ അറസ്റ്റ് അനിവാര്യമായതായാണ് സൂചന.  

 ബിഷപ്പിന്റെ മൊഴികള്‍ കളവാണെന്ന് തെളിയിക്കുന്നതും പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നുവെന്ന് തെളിയിക്കുന്നതുമായ മൊഴികളാണ് നിര്‍ണായകമാകുക. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നു എന്ന മൊഴിയാണ് ഇതില്‍ പ്രധാനം. മഠത്തിലെ റജിസ്റ്ററില്‍ ഇക്കാര്യം രേഖപ്പെടുത്തിയ കന്യാസ്ത്രീയാണ് മൊഴി നല്‍കിയത്. കുറവിലങ്ങാട് മഠത്തിലല്ല മുതലക്കോടത്തെ മഠത്തിലാണ് താമസിച്ചതെന്നാണ് ബിഷപ്പിന്റെ മൊഴി. എന്നാല്‍ മുതലക്കോടത്ത് ബിഷപ്പ് എത്തിയിട്ടില്ല എന്ന് ഇവിടെ റജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന കന്യാസ്ത്രീയുടെ മൊഴിയുണ്ട്. 

ഇതിനുപുറമേയാണ് ബിഷപ്പിന്റെ കാര്‍ ഡ്രൈവറുടെ മൊഴികള്‍. കര്‍ദിനാളിന് കൈമാറിയ ആദ്യ പരാതിയില്‍ ലൈംഗികപീഡനത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല എന്നതാണ് കന്യാസ്ത്രീയുടെ മൊഴിയില്‍ കണ്ടെത്തിയ വൈരുധ്യം. പരാതി ടൈപ്പ് ചെയ്ത് തയാറാക്കുമ്പോള്‍ മറ്റ് മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ ഇക്കാര്യം അറിയുമെന്ന് ഭയന്നാണ് പരാതിയില്‍ നിന്ന് ഒഴിവാക്കിയതെന്നും കന്യാസ്ത്രീ വിശദീകരിച്ചു. ഇത് തൃപ്തികരമാണെന്നാണ് പൊലീസിന്റെ നിലപാട്.

പരാതി തയാറാക്കിയ ലാപ്‌ടോപ്, കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, ബിഷപ്പിന്റെ ലാപ്‌ടോപ് മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇതോടൊപ്പം മഠങ്ങളിലെ സന്ദര്‍ശക റജിസ്റ്ററുകള്‍ അടക്കം 34 രേഖകളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com