സ്റ്റോപ്പില്‍ നിര്‍ത്താന്‍ ലോക്കോ പൈലറ്റ് മറന്നു; മലബാര്‍ എക്‌സ്പ്രസ് പാഞ്ഞു

ട്രെയിനില്‍ കയറാന്‍ തയ്യാറായി ഏഴിമലയില്‍ നിന്നവരേയും, ഏഴിമലയില്‍ ഇറങ്ങാന്‍ ഒരുങ്ങി നിന്നവരേയും ഞെട്ടിച്ചായിരുന്നു മലബാര്‍ കുതിച്ചത്
സ്റ്റോപ്പില്‍ നിര്‍ത്താന്‍ ലോക്കോ പൈലറ്റ് മറന്നു; മലബാര്‍ എക്‌സ്പ്രസ് പാഞ്ഞു

പയ്യന്നൂര്‍: ഏഴിമലയില്‍ സ്റ്റോപ്പുണ്ടായിരുന്നു. പക്ഷേ മംഗലാപുരത്തേക്കുള്ള മലബാര്‍ എക്‌സ്പ്രസ് ഏഴിമലയില്‍ നിര്‍ത്താതെ വന്ന് നിന്നത് പയ്യന്നൂരില്‍. ട്രെയിനില്‍ കയറാന്‍ തയ്യാറായി ഏഴിമലയില്‍ നിന്നവരേയും, ഏഴിമലയില്‍ ഇറങ്ങാന്‍ ഒരുങ്ങി നിന്നവരേയും ഞെട്ടിച്ചായിരുന്നു മലബാര്‍ കുതിച്ചത്. 

റെയില്‍വേ അധികൃതരുടെ പക്കല്‍ കാര്യം അന്വേഷിച്ചെത്തിയവര്‍ വീണ്ടും ഞെട്ടി. ലോക്കോ പൈലറ്റ് മറന്നു പോയത് കൊണ്ടാണ് ട്രെയിന്‍ ഏഴിമലയില്‍ നിര്‍ത്താതിരുന്നത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ലോക്കോ പൈലറ്റ് പുതിയ ആളായിരുന്നു. അതുകൊണ്ട് ഏഴിമലയിലെ സ്റ്റോപ്പിന്റെ കാര്യം അദ്ദേഹത്തിന്റെ ഓര്‍മയിലേക്ക് എത്തിയില്ലത്രെ...

എന്നാല്‍ അസിസ്റ്റന്‍ഡായി ലോക്കോ പൈലറ്റിനൊപ്പം മറ്റൊരാള്‍ ഉണ്ടായിരിക്കെയാണ് ഈ വീഴ്ച. സംഭവത്തില്‍ ലോക്കോ പൈലറ്റിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിന് മുന്‍പും ഏഴിമലയില്‍ നിര്‍ത്താതെ മലബാര്‍ മുന്നോട്ടു പോയിട്ടുണ്ട്. 

അന്ന് അബദ്ധം മനസിലാക്കി തിരികെ ഏഴിമല സ്‌റ്റേഷനിലേക്ക് ട്രെയിന്‍ പിന്നോട്ടടിച്ചു. ഇത്തവണ അതും ഉണ്ടായില്ല. ബസുകളേയും ഓട്ടോയേയും ആശ്രയിച്ച് പയ്യന്നൂരില്‍ ഇറങ്ങിയവര്‍ ഏഴിമലയിലേക്ക് തിരിച്ചു. ഇവിടെ സ്റ്റോപ്പില്ലാതെയിരുന്ന തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് നിര്‍ത്തിച്ചാണ് മംഗലാപുരം ഭാഗത്തേക്ക് പോകേണ്ടവരെ കയറ്റി വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com