സ്വര്‍ണ്ണം കൊണ്ടുപോയ കാറില്‍ ഇന്നോവ ഇടിപ്പിച്ചു; അപകടത്തിന്റെ മറവില്‍ കാറുമായി കടന്നു; വന്‍ സ്വര്‍ണക്കവര്‍ച്ച
By സമകാലികമലയാളം ഡെസ്‌ക് | Published: 15th September 2018 02:40 PM |
Last Updated: 15th September 2018 02:40 PM | A+A A- |
തൃശൂര്‍: ദേശീയ പാതയില്‍ അപകടമുണ്ടാക്കി വന്‍ സ്വര്‍ണ്ണ കവര്‍ച്ച. കാറില്‍ കടത്തിയ ഒരു കിലോ സ്വര്‍ണ്ണമാണ് ഭീകരത സൃഷ്ടിക്കുന്ന തരത്തില്‍ അപകടമുണ്ടാക്കി കവര്‍ന്നത്. സ്വര്‍ണം കൊണ്ടുപോകുകയായിരുന്ന കാറില്‍ ഇന്നോവ കാര്‍ ഇടിപ്പിച്ചായിരുന്നു കവര്‍ച്ച.
നെടുമ്പാശ്ശരിയില്‍ നിന്നും കൊടുവള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്ന സ്വര്‍ണ്ണമാണ് പിന്തുടര്‍ന്നെത്തിയ സംഘം കവര്‍ന്നത്. അഞ്ചംഗ സംഘം സഞ്ചരിച്ച ഇന്നോവ, കാറിനെ പിന്തുടര്‍ന്ന ശേഷം കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. സ്വാഭവികമായ അപകടമാണെന്ന് കരുതി കാറിലുള്ളവര്‍ ഇറങ്ങിയപ്പോള്‍ ഇന്നോവയിലുള്ള രണ്ടംഗസംഘം ബലം പ്രയോഗിച്ച് കാറില്‍ കയറിയ ശേഷം കാര്‍ ഓടിച്ചുപോകുകയായിരുന്നു. തുടര്‍ന്ന് കാറിലുള്ളവര്‍ പൊലീസില്‍ പരാതി നല്‍കി. അഞ്ചംഗസംഘത്തെ പറ്റി കൃത്യമായ സൂചന ഇവര്‍ പൊലീസില്‍ നല്‍കിയിട്ടുണ്ട്.
കാറില്‍ കടന്ന രണ്ടംഗസംഘം സ്വര്‍ണ്ണം കവര്‍ന്ന ശേഷം രണ്ട് കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചു. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. നേരത്തെ തന്നെ കാറിനെ ഇന്നോവ പിന്തുടര്‍ന്നതായി പൊലീസ് പറയുന്നു. ദേശീയ പാതയില്‍ പട്ടാപ്പകല്‍ ഇത്തരം സംഭവം നടന്നിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് സ്വര്‍ണ്ണക്കടത്തുകാരുടെ ഉന്നത ബന്ധമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം