പ്രളയം: അടുത്ത ആഴ്ച മുതല്‍ കുടുംബശ്രീയുടെ വായ്പക്ക് അപേക്ഷിക്കാം

സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക.
പ്രളയം: അടുത്ത ആഴ്ച മുതല്‍ കുടുംബശ്രീയുടെ വായ്പക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: പ്രളയദുരിത ബാധിതര്‍ക്കായി കുടുംബശ്രീ നല്‍കുന്ന വായ്പക്ക് വേണ്ടി അടുത്ത ആഴ്ച മുതല്‍ അപേക്ഷ നല്‍കാം. ഒന്‍പത് ശതമാനം പലിശയില്‍ ഒരു ലക്ഷം രൂപ വീതമാണ് വായ്പ അനുവദിക്കുക. അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മാത്രമാകും വായ്പ അനുവദിക്കുകയെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി അറിയിച്ചു. വായ്പയുടെ പലിശ സര്‍ക്കാര്‍ വഹിക്കും. 

സര്‍ക്കാരില്‍ നിന്ന് അടിയന്തര ധനസഹായമായ പതിനായിരം രൂപ ലഭിച്ച പ്രളയക്കെടുതി നേരിട്ടവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴിയാണ് വായ്പ അനുവദിക്കുക. അഞ്ച് ലക്ഷത്തിലേറെ പേര്‍ അടിയന്തര ധനസഹായം കൈപ്പറ്റിയിട്ടുണ്ടെങ്കിലും വായ്പയ്ക്ക് അപേക്ഷ നല്‍കുക രണ്ടു ലക്ഷത്തോളം പേരാകുമെന്നാണ് കുടുംബശ്രീയുടെ കണക്ക്. 

നാലു വര്‍ഷമാണ് തിരിച്ചടവ് കാലാവധി. ആവശ്യമെങ്കില്‍ വായ്പ സംബന്ധിച്ച് സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുമായി കരാറുണ്ടാക്കുമെന്ന് കുടുബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ അറിയിച്ചു. അര്‍ഹരായവര്‍ക്ക് ഉടനടി വായ്പ അനുവദിക്കുമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതിയും വ്യക്തമാക്കി. മറ്റു വായ്പകള്‍ ഉളളതോ വായ്പ തിരിച്ചടവ് മുടങ്ങിയതോ പുതിയ വായ്പ അനുവദിക്കുന്നതിന് തടസമാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com