പ്രളയാനന്തര കേരളത്തിന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശം; മൃതദേഹങ്ങള്‍ ജലസ്രോതസ്സുകള്‍ക്ക് സമീപം സംസ്‌കരിക്കരുത്

പ്രളയാനന്തര കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ദേശീയ രോഗ നിയന്ത്രണ സെന്ററിന്റെ സര്‍ക്കുലര്‍
പ്രളയാനന്തര കേരളത്തിന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ നിര്‍ദേശം; മൃതദേഹങ്ങള്‍ ജലസ്രോതസ്സുകള്‍ക്ക് സമീപം സംസ്‌കരിക്കരുത്

ന്യൂഡല്‍ഹി: പ്രളയാനന്തര കേരളത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ദേശീയ രോഗ നിയന്ത്രണ സെന്ററിന്റെ സര്‍ക്കുലര്‍. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ ജാഗ്രത വേണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മൃതദേഹങ്ങള്‍ ജലസ്രോതസ്സുകള്‍ക്ക് സമീപം സംസ്‌കരിക്കരുതെന്ന്  സര്‍ക്കുലറില്‍ പറയുന്നു.  കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ഭൂര്‍ഗര്‍ഭജല സ്രോതസ്സുകളില്‍ നിന്നും 30മീറ്റര്‍ ദൂരത്തില്‍ മാത്രമേ ശവസംസ്‌കാരങ്ങള്‍ നടത്താന്‍ പാടുള്ളുവെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു. സ്ഥലപരിമിതയുള്ള ഇടങ്ങളില്‍ ജലസ്രോതസ്സുകളെക്കാള്‍ 1.5 മീറ്റര്‍ ഉയരത്തിലായിരിക്കണം ശവക്കല്ലറകളുടെ ആഴം. ശ്മശാനങ്ങളില്‍ നിന്നുള്ള ഉപരിതല ജലം ജനവാസപ്രദേശങ്ങളില്‍ പ്രവേശിക്കരുത്.

പ്രളയത്തില്‍ മരിച്ചവരെ ബഹുമാനിക്കണമെന്നും നഷ്ടപ്പെട്ടവരെ കണ്ടെത്തലാണ് പ്രളയബാധിത കുടുംബങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നെന്നും ദേശീയ രോഗ നിയന്ത്രണ സെന്റര്‍ പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതില്‍ കൃത്യമായ വിവരങ്ങള്‍ കൈമാറണമെന്നും സര്‍ക്കുലറില്‍ പറയുന്നു. 

മൃതദേഹങ്ങളെ തിരിച്ചറിയാനും മറ്റും മതപുരോഹിതരുടെ സഹായം തേടാമെന്നും സര്‍ക്കുലറില്‍ പറയുന്നു. മൃതദേഹങ്ങള്‍ ആളുമാറി കൈമാറുന്നതും സംസ്‌കാരം നടത്തുന്നതും ഒഴിവാക്കണം.മതപരമായ ആചാരങ്ങളോടെ സംസാരം നടത്താനുള്ള അവസരം ലഭ്യമാക്കണം. 

പ്രളയത്തില്‍ ഇതുവരെ 483പേര്‍ മരിച്ചിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കണക്ക്. 14പേരെയാണ് കാണാതായിരിക്കുന്നത്. പ്രളയാനന്തരം പടര്‍ന്നുപിടിക്കുന്ന രോഗങ്ങള്‍ ഫലപ്രദമായി തടയാനുള്ള സജീവ പ്രവര്‍ത്തനത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com