സംസ്ഥാനം വരള്‍ച്ചാഭീഷണിയില്‍: തുലാവര്‍ഷം കുറയുകയാണെങ്കില്‍ കുടിവെള്ളക്ഷാമം

ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.
സംസ്ഥാനം വരള്‍ച്ചാഭീഷണിയില്‍: തുലാവര്‍ഷം കുറയുകയാണെങ്കില്‍ കുടിവെള്ളക്ഷാമം

തിരുവനന്തപുരം: മഹാപ്രളയത്തിനു ശേഷം കേരളത്തില്‍ മഴ തീരെ പെയ്യാത്ത അവസ്ഥയാണ്. സാധാരണ ഈ സമയത്ത് തുലാവര്‍ഷപ്പെയ്ത്ത് ഉണ്ടാകേണ്ടതാണ്. എന്നാലേ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തി മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനാവുള്ളു. പക്ഷേ രാത്രിയിലും പകലും തെളിഞ്ഞ ആകാശവും പൊള്ളുന്ന ചൂടുമാണ് ഇപ്പോഴത്തെ ഇവിടുത്തെ കാലാവസ്ഥ. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ഡിസംബര്‍ അവസാനത്തോടെ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഇതുവരെയുള്ള കണക്കുകൂട്ടലനുസരിച്ച് അടുത്തൊന്നും കാര്യമായ മഴയ്ക്കു സാധ്യതയില്ലെന്നും ഒറ്റപ്പെട്ടതും നേരിയതുമായ മഴയുണ്ടായേക്കാമെന്ന് കൊച്ചി റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ എംജി മനോജ് പറഞ്ഞു. തുലാവര്‍ഷത്തെക്കുറിച്ചു കൃത്യമായ പ്രവചനം സാധ്യമല്ലാത്ത സ്ഥിതിയാണ്. ഒരാഴ്ചയ്ക്കുശേഷം തുലാമഴയുടെ ഗതി എതാണ്ടു ലഭിക്കും. കടലില്‍ വെള്ളം വലിയുന്ന അവസ്ഥയുണ്ട് ഇപ്പോള്‍. പ്രളയത്തിലും മണ്ണിടിച്ചിലിലും മലകളിലും സമതലങ്ങളിലുമായി വന്‍തോതില്‍ പച്ചപ്പ് ഇല്ലാതായതു ചൂടിന്റെ രൂക്ഷത കൂടാനും കാരണമായി.

തുലാവര്‍ഷം ഇനിയും പെയ്തില്ലെങ്കില്‍ വരാനിരിക്കുന്നത് കടുത്ത വേനലായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ പുഴകളില്‍ ജലവിതാനം കുറയുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സിഡബ്ല്യൂആര്‍ഡിഎമ്മിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

പുഴകളിലെ ജലനിരപ്പ് താഴുന്നത് കൃഷിയേയും, കുടിവെള്ള ലഭ്യതയും പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യം തുടര്‍ന്നാല്‍ ശുദ്ധജല വിതരണം പ്രതിസന്ധിയിലാകും. സംസ്ഥാനത്തൊട്ടാകെയുള്ള 1078 കുടിവെള്ള പദ്ധതികളെയാകും ബാധിക്കുക. പ്രളയബാധിത ജില്ലകളില്‍ ശുദ്ധജലവിതരണം ഇനിയും പൂര്‍വ്വസ്ഥിതിയിലായിട്ടുമില്ല

സെപ്റ്റംബറില്‍ പാലക്കാട് ഉഷ്ണം 35 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി നില്‍ക്കുകയാണ്. സാധാരണ ഈ സമയത്തു മൂടിക്കെട്ടിയ അന്തരീക്ഷവും ചാറ്റല്‍ മഴയുമാണ് ഉണ്ടാകേണ്ടത്. നീലാകാശം തെളിയുക ഡിസംബര്‍ അവസാനത്തോടെയാണ്. സൂര്യനിലെ മാരകമായ അള്‍ട്രാവയലറ്റ് രശ്മികള്‍( യുവി) തടസങ്ങളില്ലാതെ ഭൂമിയില്‍ പതിച്ചു തുടങ്ങിയതു വരും ദിവസങ്ങളില്‍ ചൂട് കഠിനമാക്കും.

ശക്തമായ മഴയുണ്ടായില്ലെങ്കില്‍ ഭൂഗര്‍ഭജലത്തിലും കുറവുണ്ടാകും. പ്രളയത്തിന് ശേഷം വലിച്ചെടുക്കുന്നതുപോലെയാണു പുഴയിലും കിണറിലും വെളളം താഴുന്നത്. ഇതോടൊപ്പം തന്നെ ആളുകളുടെ ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com