കൂടുതല്‍ വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് ബോര്‍ഡ് ; ഇടുക്കിയില്‍ പുതിയ പവര്‍ ഹൗസ് , നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍  26ന് കെഎസ്ഇബി യോഗം

നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സാധ്യതാപഠനത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് ആലോചന
കൂടുതല്‍ വൈദ്യുതി ഉത്പാദനം ലക്ഷ്യമിട്ട് ബോര്‍ഡ് ; ഇടുക്കിയില്‍ പുതിയ പവര്‍ ഹൗസ് , നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍  26ന് കെഎസ്ഇബി യോഗം


തിരുവനന്തപുരം : ഇടുക്കിയില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുക ലക്ഷ്യമിട്ട് ഒരു പവര്‍ഹൗസ് കൂടി നിര്‍മ്മിക്കാന്‍ ആലോചന സജീവമായി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26 ന് കെഎസ്ഇബിയുടെ ഫുള്‍ബോര്‍ഡ് യോഗം ചേരും. പുതിയ പവര്‍ ഹൗസ് നിര്‍മ്മാണത്തിന് 20,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ സാധ്യതാപഠനത്തിനായി ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് ആലോചന. 

പ്രളയം കഴിഞ്ഞ് ഇപ്പോഴും കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളില്‍ ജലനിരപ്പ് റിസര്‍വോയര്‍ ലെവലിലെ ഉയര്‍ന്ന അവസ്ഥയിലാണ്. അതേസമയം ജലത്തിന്റെ അളവ് പരമാവധി ഉപയോഗപ്പെടുത്താനാകാത്ത സ്ഥിതിയും നിലവിലുണ്ട്. 30 ശതമാനം മാത്രമാണ് സംസ്ഥാനത്തിന്റെ ഉത്പാദന ശേഷി. ബാക്കിയുള്ള 70 ശതമാനം കേന്ദ്രപൂളില്‍ നിന്ന് കിട്ടുന്നതും, മുന്‍കരാര്‍ പ്രകാരം പുറമെ നിന്ന് കൂടിയ വിലയ്ക്ക് വാങ്ങുന്നതുമാണ്. 

ഈ സാഹചര്യത്തിലാണ് റിസര്‍വോയറിലെ ജലം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ഒരു പവര്‍ഹൗസ് കൂടി നിര്‍മ്മിക്കണമെന്ന ആശയം കെ എസ്ഇബി മുന്നോട്ടുവെക്കുന്നത്. പരമാവധി ഉത്പാദനം സംസ്ഥാനത്ത് തന്നെ നടത്തുക എന്ന ലക്ഷ്യത്തോടെയാണിത്. ഈ ആശയം വൈദ്യുത ബോര്‍ഡിന്റെ പല തലങ്ങളില്‍ നടന്നുകഴിഞ്ഞതായാണ് സൂചന. 

ഇടുക്കിയില്‍ ഇപ്പോഴുള്ള പവര്‍ഹൗസിന് എതിര്‍ഭാഗത്തായി പുതിയ ഒരെണ്ണം കൂടി നിര്‍മ്മിക്കാനാണ് ആലോചന. 700 മെഗാവാട്ടായിരിക്കും പുതിയ പവര്‍ഹൗസിന്റെ ശേഷി. ഈ നിര്‍ദേശത്തിന്റെ സാധ്യതകള്‍ 26 ന് ചേരുന്ന കെഎസ്ഇബി ഫുള്‍ബോര്‍ഡ് യോഗം ചര്‍ച്ചചെയ്യും. പദ്ധതി നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ അനുമതി തേടി കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com