തീപിടിച്ച ട്രെയ്ന്‍ പരിശോധനയ്ക്കിടെ ഓടിച്ചുപോയി; റെയില്‍വേയ്‌ക്കെതിരേ പരാതിയുമായി ഫയര്‍ഫോഴ്‌സ്

ഫയര്‍ഫോഴ്‌സ് കോട്ടയം മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കോ പൈലറ്റിനും ഗാര്‍ഡിനുമെതിരേ റെയില്‍ വേ അന്വേഷണം ആരംഭിച്ചു
തീപിടിച്ച ട്രെയ്ന്‍ പരിശോധനയ്ക്കിടെ ഓടിച്ചുപോയി; റെയില്‍വേയ്‌ക്കെതിരേ പരാതിയുമായി ഫയര്‍ഫോഴ്‌സ്


കോട്ടയം: പരിശോധന നടത്തിക്കൊണ്ടിരിക്കുന്നതിനിടെ ട്രെയിന്‍ ഓടിച്ചുപോയ സംഭവത്തില്‍ പരാതിയുമായി ഫയര്‍ഫോഴ്‌സ്. ഗുഡ്‌സ് വാഗണുകളിലെ ഇന്ധനചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീ അണച്ചശേഷം സുരക്ഷാപരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ട്രെയിന്‍ ഓടിച്ചുകൊണ്ടുപോയത്. ഫയര്‍ഫോഴ്‌സ് കോട്ടയം മേധാവിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കോ പൈലറ്റിനും ഗാര്‍ഡിനുമെതിരേ റെയില്‍ വേ അന്വേഷണം ആരംഭിച്ചു. 

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപം മുട്ടമ്പലം പാറയ്ക്കല്‍ റെയില്‍ വേ ഗേറ്റിന് അടുത്ത് പിടിച്ചിട്ട് സുരക്ഷാ പരിശോധനയും മറ്റും നടത്തുന്നതിനിടെയാണ് മുന്നറിയിപ്പില്ലാതെ ട്രെയിന്‍ എടുത്തത്. ആ സമയത്ത് ട്രാക്കിനും വാഗണിനും മുകളിലായി 13 ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. പൊലീസും ഫയര്‍ഫോഴ്‌സ് അംഗങ്ങളും ട്രെയ്‌നില്‍ നിന്നും ട്രാക്കില്‍ നിന്ന് ചാടിമാറുകയായിരുന്നു. സമീപത്തെ റെയില്‍ വേ ക്രോസില്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനവും കിടന്നിരുന്നു. അത് പെട്ടെന്ന് മാറ്റാന്‍ സാധിച്ചതാണ് വന്‍ അപകടം ഒഴിവായത്. ഓടിച്ചുപോയ ട്രയിന്‍ പിന്നീട് ചങ്ങനാശേരിയില്‍ പിടിച്ചിട്ട് സുരക്ഷ ഉറപ്പുവരുത്തിയാണ് വിട്ടത്. 

പെട്രോളും ഡീസലും നിറച്ച വാഗനുകളാണ് ട്രെയ്‌നിലുണ്ടായിരുന്നത്. ഇരുമ്പനത്തു നിന്ന് തിരുനെല്‍വേലിക്ക് പോവുകയായിരുന്ന ട്രെയ്‌നിന്റെ 10 വാഗനുകളിലാണ് ഇന്ധന ചോര്‍ച്ചയുണ്ടായത്. സംഭവത്തില്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ഫയര്‍ഫോഴ്‌സ് കുറ്റപ്പെടുത്തി. കോട്ടയം സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട് രണ്ടാം തുരങ്കം പിന്നിട്ടപ്പോഴാണ് പിന്‍ഭാഗത്തെ വാഗണുകളില്‍ ഒന്നിന്റെ മുകളില്‍ തീപ്പൊരി കണ്ടത്. നാട്ടുകാര്‍ ബഹളം വെച്ചതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി അധികൃതരെ അറിയിക്കുകയായിരുന്നു. വാഗണുകളിലെ ഷെല്ലുകള്‍ തകരാറായതാണ് ചോര്‍ച്ചയ്ക്ക് കാരണമായതെന്നാണ് നിഗമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com