''പറ്റിപ്പോയി സാറേ.., സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.. ''; കൊലപാതകത്തെ കുറിച്ച് ഭർത്താവ്

ആലപ്പുഴ സ്വദേശിയായ സഞ്ജു സുലാല്‍ സേട്ട് ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്
''പറ്റിപ്പോയി സാറേ.., സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു.. ''; കൊലപാതകത്തെ കുറിച്ച് ഭർത്താവ്


കൊച്ചി : കലൂര്‍ എസ്ആര്‍എം റോഡില്‍ ഭാര്യയെ കൊലപ്പെടുത്തിയതില്‍ പരിതപിച്ച് പ്രതി സഞ്ജു. 'എനിക്ക് പറ്റിപ്പോയി... സുഹൃത്ത് പറഞ്ഞത് വിശ്വസിച്ചു...' ഉള്ളാട്ടില്‍ വീട്ടില്‍ ഷീബയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ സഞ്ജു സുലാല്‍ സേട്ട് പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കലൂര്‍ എസ്ആര്‍എം റോഡിലെ കുടുംബവീട്ടില്‍ വെച്ച് ഷീബ വെട്ടേറ്റ് മരിച്ചത്. 

ആലപ്പുഴ സ്വദേശിയായ സഞ്ജു സുലാല്‍ സേട്ട് ഗള്‍ഫിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ നാട്ടിലെത്തിയത്. വലിയ സന്തോഷത്തില്‍ തന്നെയായിരുന്നു സഞ്ജുവും ഷീബയും കഴിഞ്ഞിരുന്നതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തോന്നിയില്ലെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. അഫ്‌സയെയും കുടുംബത്തെയും അടുത്ത് അറിയാമെന്നും, ഒരു പ്രശ്‌നവും ആ വീട്ടുകാരെ കുറിച്ച് കേട്ടിട്ടില്ലെന്ന്, വാടകയ്ക്ക് വീടെടുത്ത് നല്‍കിയ റഷീദ് പറഞ്ഞു. കൊല്ലപ്പെട്ട ഷീബയെക്കുറിച്ചും നാട്ടില്‍ നല്ല അഭിപ്രായമായിരുന്നു എന്ന് റഷീദ് പറഞ്ഞു.

ഷീബയുടെ അമ്മയായ അഫ്‌സയ്ക്കും സഞ്ജുവിനോട് വലിയ സ്‌നേഹമായിരുന്നു. എന്ത് കാര്യവും മരുമകനോട് ചോദിച്ച് മാത്രമായിരുന്നു ചെയ്തിരുന്നത്. സഞ്ജു ഗള്‍ഫിലായതിനാല്‍, ഷീബയുടെ സഹോദരന്റെ മകളുടെ വിവാഹം പോലും അഫ്‌സ നീട്ടി വെച്ചിരുന്നു. പിന്നീട് സഞ്ജു ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്ന സമയത്താണ് വിവാഹം നടത്തിയത്. കൊലപാതകം നടക്കുമ്പോള്‍ സഞ്ജുവിന്റെയും ഷീബയുടെയും മൂന്ന് മക്കളും, അമ്മയെ അച്ഛന്‍ വെട്ടിക്കൊന്നതറിയാതെ ആലപ്പുഴയിലെ വീട്ടിലായിരുന്നു. 

ശനിയാഴ്ച രാത്രി നിസ്‌കാരസമയത്ത് എസ്ആര്‍എം റോഡിലെ വീട്ടിലെത്തിയ, ഷീബയുടെ ഭര്‍ത്താവ് സഞ്ജു സുലാല്‍ സേട്ട് (39) ഷീബയെ കത്തികൊണ്ട് വെട്ടുകയായിരുന്നു. വയറിന് ആഴത്തില്‍ വെട്ടേറ്റ ഷീബയെ, നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഷീബയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉമ്മ അഫ്‌സയ്ക്കും വെട്ടേറ്റു. വയറിനും കൈയ്ക്കും കാലിനും പരിക്കേറ്റ അഫ്‌സ ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ നാട്ടുകാരെ കണ്ട് സഞ്ജു വീട്ടില്‍ നിന്നിറങ്ങിയോടി. എന്നാല്‍, വീടിന് സമീപത്തുനിന്ന് തന്നെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളം നോര്‍ത്ത് പോലീസ് ഇയാളെ പിടികൂടി. ആക്രമണത്തിനിടെ സഞ്ജുവിന്റെ വലത് കൈപ്പത്തിക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാള്‍  പോലീസ് കാവലില്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com