മോഷ്ടിച്ച ബൈക്ക് വിറ്റുകിട്ടിയ പണത്തെച്ചൊല്ലി തര്‍ക്കം മൂത്തു ; യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തിച്ച കേസില്‍ യുവതിയും ഭര്‍ത്തൃമാതാവും പിടിയില്‍

കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശുചീന്ദ്രത്ത് കൊറ്റയടിയില്‍ വിജനമായ പ്രദേശത്തെ കുളത്തിന് സമീപമാണ്  മൃതദേഹം കണ്ടെത്തിയത്
മോഷ്ടിച്ച ബൈക്ക് വിറ്റുകിട്ടിയ പണത്തെച്ചൊല്ലി തര്‍ക്കം മൂത്തു ; യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തിച്ച കേസില്‍ യുവതിയും ഭര്‍ത്തൃമാതാവും പിടിയില്‍

തിരുവനന്തപുരം: യുവാവിനെ കൊന്ന ശേഷം മൃതദേഹം തമിഴ്‌നാട്ടിലെ ശുചീന്ദ്രത്തിനു സമീപം കൊണ്ടുപോയി കത്തിച്ച സംഭവത്തില്‍ യുവതിയും ഭര്‍ത്തൃമാതാവും പൊലീസിന്റെ പിടിയിലായി. മണക്കാട് സ്വാഗത് നഗറില്‍ രേഷ്മ (27), വലിയതുറ വാട്‌സ് റോഡ് ടി.സി 71/641ല്‍ താമസിക്കുന്ന അല്‍ഫോണ്‍സ എന്നിവരാണ് പിടിയിലായത്. രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആറ് മാസം മുമ്പാണ് കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം മണക്കാട്ടു വീട്ടില്‍ ആകാശ് (കൊച്ചുമോന്‍ 22) കൊല്ലപ്പെട്ടത്. 

കേസില്‍ പ്രതികളായ രണ്ട് യുവാക്കള്‍ ഉടന്‍ പിടിയിലാകുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് അറിയിച്ചു. അല്‍ഫോണ്‍സയുടെ മകനും രേഷ്മയുടെ ഭര്‍ത്താവുമായ മുഖ്യപ്രതി അനു അജു (27), കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടില്‍ ജിതിന്‍ (ജിത്തു 22) എന്നിവരെയാണ് പിടികിട്ടാനുള്ളത്. കൊലപാതകത്തിനുള്ള ഗൂഢാലോചനയാണ് രേഷ്മയ്ക്കും അല്‍ഫോണ്‍സയ്ക്കും എതിരെയുള്ള കുറ്റം. 

കഴിഞ്ഞ ഏപ്രില്‍ ഒന്നിന് ശുചീന്ദ്രത്ത് കൊറ്റയടിയില്‍ വിജനമായ പ്രദേശത്തെ കുളത്തിന് സമീപമാണ് കത്തുന്ന നിലയില്‍ മൃതദേഹം തമിഴ്‌നാട് പൊലീസ് കണ്ടെത്തിയത്. മുഖം കരിഞ്ഞതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൈയില്‍ ഒരു പെണ്‍കുട്ടിയുടെ പേര് പച്ചകുത്തിയിരുന്നു. അതേപ്പറ്റിയുള്ള അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

അനുവും കൊല്ലപ്പെട്ട ആകാശും ബൈക്ക് മോഷ്ടാക്കളായിരുന്നു. മോഷ്ടിച്ച ബൈക്ക് വിറ്റുകിട്ടിയ പണത്തെച്ചൊല്ലി തര്‍ക്കം മൂത്തു. തുടര്‍ന്ന് മോഷണം പൊലീസിനെ അറിയിക്കുമെന്ന് ആകാശ് പറഞ്ഞു. ഇതേത്തുടര്‍ന്ന് അനുവും ജിത്തുവും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുന്‍ നിശ്ചയപ്രകാരം മാര്‍ച്ച് 30ന് ആകാശിനെ വലിയതുറയിലെ അനുവിന്റെ വര്‍ക്ക്‌ഷോപ്പിലേക്ക് രേഷ്മയുടെ ഫോണിലൂടെ വിളിച്ചുവരുത്തി. 

സ്ഥലത്തെത്തിയ ആകാശിനെ മദ്യത്തില്‍ മയക്കുഗുളിക കലര്‍ത്തി കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് രേഷ്മയുടെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം വര്‍ക്ക്‌ഷോപ്പിന്റെ അരികില്‍ ഷീറ്റിട്ട് മൂടി. തുടര്‍ന്ന് ആകാശിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മറ്റൊരു സ്ഥലത്ത് കാണിക്കാനായി ആകാശിന്റെ ഫോണുമായി ഇവര്‍ കൊല്ലത്തേക്കു പോയി. ആകാശിന്റെ ഫേസ് ബുക്കില്‍ പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന സ്റ്റാറ്റസ് ഇടുകയും ചെയ്തു.

അടുത്ത ദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ, അനുവും ജിത്തുവും രേഷ്മയും ചേര്‍ന്ന് മൃതദേഹം ടാര്‍പോളിനില്‍ പൊതിഞ്ഞ്, വാടകയ്ക്ക് എടുത്ത സ്‌കോര്‍പ്പിയോ കാറിന്റെ ഡിക്കിയില്‍ കയറ്റി. അപ്പോള്‍ അനുവിന്റെ അമ്മ അല്‍ഫോണ്‍സ ആരെങ്കിലും വരുന്നുണ്ടോ എന്നറിയാന്‍ കാവല്‍ നിന്നു. തുടര്‍ന്ന് ശുചീന്ദ്രത്തേക്ക് കൊണ്ടുപോയി വിജനമായ സ്ഥലത്തു വച്ചു പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് കമ്മിഷണര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com