ഒത്തുതീര്‍പ്പിന് ശ്രമിച്ച വനിതാ നേതാവിന്റെ പേര് പരസ്യപ്പെടുത്തണം; ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ശശി വിഷയത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി

സംസ്ഥാന സെക്രട്ടറി പരാതി കിട്ടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും ഇക്കാര്യം വ്യക്തമാക്കാന്‍ സെക്രട്ടറി തയ്യാറായില്ല - നിലപാട് പാലക്കാട് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി 
ഒത്തുതീര്‍പ്പിന് ശ്രമിച്ച വനിതാ നേതാവിന്റെ പേര് പരസ്യപ്പെടുത്തണം; ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ശശി വിഷയത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പരാതി മറച്ചവെച്ചതിന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ രൂക്ഷവിമര്‍ശനം. ശശി വിഷയത്തില്‍ രണ്ട് വിഭാഗമായി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി. രാജേന്ദ്രന്റെ നിലപാട് പാര്‍ട്ടിയുടെ ഒരു ഉയര്‍ന്ന നേതാവിന് യോജിക്കുന്നതല്ലെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും വിമര്‍ശനം. പികെ ശശി യോഗത്തില്‍ പങ്കെടുത്തില്ല

ശശിക്കെതിരെ പരാതി ഓഗസ്ത് 24ന് യുവതി ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് നല്‍കിയിരുന്നു. എന്നാല്‍ സപ്തംബര്‍ മാസം നാലാം തിയ്യതി ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മറ്റി യോഗത്തില്‍ നിന്നും സെക്രട്ടറി ഇക്കാര്യം മറച്ചുവെച്ചു. കൂടാതെ സംസ്ഥാന സെക്രട്ടറി പരാതി കിട്ടിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടും ഇക്കാര്യം വ്യക്തമാക്കാന്‍ സെക്രട്ടറി തയ്യാറായില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം ശശി വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച വനിതാ ജില്ലാ നേതാവിനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വനിതാ അംഗത്തിന്റെ പേര് പരസ്യപ്പെടുത്തണമെന്നും ഒരു വിഭാഗം നിലപാടെടുത്തു. ശശിക്കെതിരെ അച്ചടക്ക നടപടി അനിവാര്യമാണെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അടുത്ത സംസ്ഥാനകമ്മറ്റിയോഗത്തിന് മുന്‍പായി ശശിക്കെതിരായ പരാതി അന്വേഷിക്കുന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നതാണ് സെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശം. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ അന്വേഷണസംഘത്തോട്  യുവതി നേരിട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശശിയുടെ അശ്ലീല ഓഡിയോ ക്ലിപ്പും യുവതി അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com