കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ; ചാര്‍ജ് വര്‍ധനവിനെ ന്യായീകരിച്ച് തച്ചങ്കരി 

അയ്യപ്പഭക്തന്മാരില്‍ നിന്ന് കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നു എന്നത് വ്യാജ പ്രചാരണമാണെന്ന് കോര്‍പ്പറേഷന്‍ എം ഡി ടോമിന്‍ ജെ തച്ചങ്കരി
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ അയ്യപ്പന്‍ അനുഗ്രഹിക്കട്ടെ; ചാര്‍ജ് വര്‍ധനവിനെ ന്യായീകരിച്ച് തച്ചങ്കരി 

തിരുവനന്തപുരം: മണ്ഡലകാലത്തിന് രണ്ടുമാസം മാത്രം അവശേഷിക്കേ, അയ്യപ്പഭക്തന്മാരില്‍ നിന്ന് കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നു എന്നത് വ്യാജ പ്രചാരണമാണെന്ന് കോര്‍പ്പറേഷന്‍ എം ഡി ടോമിന്‍ ജെ തച്ചങ്കരി. 2018 തുടക്കത്തില്‍ സംസ്ഥാനത്ത് വര്‍ധിപ്പിച്ച ബസ് ചാര്‍ജ് ശബരിമലയില്‍ ഇപ്പോള്‍ നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് തച്ചങ്കരി കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജിലുടെ വിശദീകരിച്ചു. 

കഴിഞ്ഞ ഉത്സവകാലത്ത് പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുളള യാത്രയ്ക്ക് 31 രൂപയായിരുന്നു കെഎസ്ആര്‍ടിസി നിരക്കായി ഈടാക്കിയിരുന്നത്. അന്ന് ഡീസലിന്റെ വില 63 രൂപയായിരുന്നു.ഇന്ന് ഡീസലിന്റെ വില 79 രൂപയ്ക്ക് മുകളിലാണ്. 25 ശതമാനത്തോളം വില വര്‍ധനയുണ്ടായി. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മിറ്റി 2018 ഫെബ്രുവരിയില്‍ കെഎസ്ആര്‍ടിസിയുടെ നിരക്കുകള്‍ പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കെഎസ്ആര്‍ടിസിയുടെ എല്ലാ സര്‍വീസുകളുടെയും നിരക്ക് പുതുക്കി നിശ്ചയിച്ചു. 

എന്നാല്‍ ശബരിമല ഉത്സവ കാലം ഇപ്പോള്‍ ആയതിനാല്‍ നിരക്ക് പുതുക്കേണ്ട ആവശ്യം ഇപ്പോഴാണ് ഉണ്ടായത്.  പമ്പ മുതല്‍ നിലയ്ക്കല്‍ വരെയുള്ള യാത്രയ്ക്ക് സെസ് അടക്കം 41 രൂപയാണ് ശരിക്കും ഈടാക്കേണ്ടത്. എന്നാല്‍ ഭക്തരുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഇത് 40 രൂപയാക്കി നിശ്ചയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സി ശബരിമല അയ്യപ്പന്റെ അനുഗ്രഹത്താല്‍ കരകയറണമെന്നാണ് ജീവനക്കാരും മാനേജ്‌മെന്റും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com