പിണങ്ങി നിന്ന ഭാര്യയെ സന്തോഷിപ്പിക്കാന്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ സമ്മാനിച്ചു; കുഞ്ഞിനെ കിട്ടിയത് എവിടെനിന്നെന്ന് അറിയാതെ പൊലീസ്

കുഞ്ഞിനെ എവിടെനിന്ന് കിട്ടിയതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാതിരുന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്
പിണങ്ങി നിന്ന ഭാര്യയെ സന്തോഷിപ്പിക്കാന്‍ ആറ് മാസം പ്രായമായ കുഞ്ഞിനെ സമ്മാനിച്ചു; കുഞ്ഞിനെ കിട്ടിയത് എവിടെനിന്നെന്ന് അറിയാതെ പൊലീസ്

ഉദുമ: ആറ് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനേയും കൊണ്ടാണ് ഒരു ദിവസം അയാള്‍ തന്റെ വീട്ടിലേക്ക് വന്നത്. കുഞ്ഞിനെ ദത്തെടുത്തതാണെന്ന് അയാള്‍ ഭാര്യയെ പറഞ്ഞു ധരിപ്പിച്ചു. വിവാഹം കഴിഞ്ഞ് നീണ്ടനാളായിട്ടും കുഞ്ഞുങ്ങളില്ലായിരുന്ന അവര്‍ സന്തോഷത്തോടെ കുഞ്ഞിനെ ഏറ്റെടുത്തു. എന്നാല്‍ ഭാര്യയെ വിശ്വസിപ്പിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല നാട്ടുകാരെയും പിന്നാലെവന്ന പൊലീസിനേയും വിശ്വസിപ്പിക്കാന്‍. കുഞ്ഞിനെ എവിടെനിന്ന് കിട്ടിയതാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കാതിരുന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്. 

കാസര്‍ഗോഡ് ഉദുമ എരോലിലാണ് സംഭവമുണ്ടാകുന്നത്. എരോലിലെ യുവതിയും അഡൂര്‍ ദേവരടുക്കയിലെ യുവാവും വിവാഹിതരായിട്ട് വര്‍ഷങ്ങളായി. ഇതുവരെ കുട്ടികളുണ്ടായില്ല. അതിനിടയില്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ രണ്ടുവര്‍ഷം മുമ്പ് യുവതി ഭര്‍ത്താവിന്റെ വീട് വിട്ട് സ്വന്തം വീട്ടിലേക്കു വന്നു. രണ്ടാഴ്ച മുമ്പ് മധ്യസ്ഥര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു. ഭാര്യവീട്ടില്‍ യുവാവ് ഒരാഴ്ച താമസിക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പ് തിരിച്ചുപോയ ഭര്‍ത്താവ് തിരികെ വന്നത് ആറ് മാസം പ്രായമായ കുഞ്ഞിനേയും കൊണ്ടാണ്. കുഞ്ഞിനെ താന്‍ ദത്തെടുത്തതാണെന്ന് ഭാര്യയെ ബോധ്യപ്പെടുത്തി. 

എന്നാല്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് യുവാവിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ബെംഗളൂരുവിലേക്കുള്ള യാത്രയിലാണെന്നും തിരിച്ചുവന്നാല്‍ രേഖ ഹാജരാക്കാമെന്നും യുവാവ് പറഞ്ഞു. ആവശ്യമായ രേഖകളൊന്നും ലഭിക്കാതിരുന്നതിനാല്‍ പോലീസ് കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന് കുഞ്ഞിനെ പട്ടുവം സ്‌നേഹനികേതന്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. യുവാവിനോട് രേഖകളുമായി ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയെ ലഭിച്ച വഴി ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ യുവാവിനെതിരേ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com