രാജാവിന്റെ വ്യാജ മുദ്ര, 1923ലെ ആധാരത്തില്‍ 1968ലെ ലിപി; കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകള്‍, ഹാരിസണ്‍ കേസില്‍ സംഭവിച്ചതെന്ത്?  

രാജാവിന്റെ വ്യാജ മുദ്ര, 1923ലെ ആധാരത്തില്‍ 1968ലെ ലിപി; കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകള്‍, ഹാരിസണ്‍ കേസില്‍ സംഭവിച്ചതെന്ത്?  
രാജാവിന്റെ വ്യാജ മുദ്ര, 1923ലെ ആധാരത്തില്‍ 1968ലെ ലിപി; കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകള്‍, ഹാരിസണ്‍ കേസില്‍ സംഭവിച്ചതെന്ത്?  

ര്‍ക്കാര്‍ നിയോഗിച്ച മൂന്നു കമ്മിഷനുകള്‍, ഒരു വിജിലന്‍സ് അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം പൂര്‍ണമായും സര്‍ക്കാരിന് അനുകൂലം. പലതിലെയും കണ്ടെത്തലുകള്‍ ഞെട്ടിക്കുന്നത്. ഹാരിസണ്‍ മലയാളം കേസില്‍ കമ്പനിക്ക് അനുകൂലമായ സുപ്രിം കോടതി വിധിയോടെ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ് ആ അന്വേഷണങ്ങളിലെ കണ്ടെത്തലുകള്‍.

കൊല്ലം ഡിസിസി പ്രസിഡന്റും ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയുമായ  സി ആര്‍ നജീബ് മുഖ്യമന്ത്രിക്കു നല്‍കിയ ഒരു പരാതിയാണ് ഒരു നൂറ്റാണ്ടിലധികമായി കേരളത്തില്‍ പ്ലാന്റേഷന്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹാരിസണ്‍ മലയാളം കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചു ചോദ്യങ്ങള്‍ ഉയര്‍ത്തിവിട്ടത്. സി ആര്‍ നജീബ് നല്‍കിയ പരാതികളെത്തുടര്‍ന്ന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടോയെന്നറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് ഉന്നതാധികാര സമിതിയെ അന്വേഷണത്തിനായി നിയോഗിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് സര്‍ക്കാരിന്റെ മൂന്ന് അന്വേഷണ കമ്മീഷനുകളും സംസ്ഥാന വിജിലന്‍സ് വിഭാഗവും ഹാരിസണ്‍ മലയാളം കൈവശംവയ്ക്കുന്ന ഭൂമി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയത്. ഒന്നൊഴിയാതെ ആ അന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം തന്നെ ഹാരിസണ്‍ മലയാളത്തിന് എതിരാവുകയും ചെയ്തു. 

തുടക്കത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി ഹരന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഉന്നതതല സമിതി ഭൂമി വിഷയത്തെപ്പറ്റി വിശദമായി അന്വേഷണം നടത്തി.  ഹാരിസണ്‍ 76000-ത്തിലധികം  ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്നുണ്ടെന്നും നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് കേരളത്തില്‍ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും  അതുകൊണ്ടു തന്നെ ഈ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും നിവേദിതാ പി ഹരന്‍ ഉള്‍പ്പെട്ട ഉന്നതതല സമതി സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ നിവേദിതാ പി ഹരന്‍ റിപ്പോര്‍ട്ടിന് പിന്നാലെ ഹാരിസണ്‍ ഭൂമി വിഷയം പഠിക്കാന്‍ അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും ഈ വിഷയത്തിലെ നിയമവശം പരിശോധിക്കാന്‍ ജസ്റ്റിസ് എല്‍ മനോഹരന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഹാരിസണിന്റെ ഭൂമി സംബന്ധിച്ചനുനിയമ വിഷയങ്ങള്‍ വിശദമായി പരിശോധിച്ചനുജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മീഷന്‍  ഹാരിസണിന്റെ പക്കലുള്ള ഭൂമിയുടെ രേഖകളില്‍ ക്രമക്കേടുകളുണ്ടെന്നും അതുകൊണ്ടു തന്നെ ഭൂമി ഏറ്റെടുക്കുന്നതിനു നിയമപരമായി യാതൊരു തടസ്സവുമില്ലെന്നുമാണ് റിപ്പോട്ടു നല്‍കിയത്. എന്നാല്‍ ഹാരിസണ്‍ മലയാളം പോലെ ഒരു വമ്പനെതിരേ നടപടി സ്വീകരിക്കേണ്ടി വരുന്നതിനാല്‍ ഹാരിസണ്‍ ഭൂമി വിഷയം ആഴത്തില്‍ പഠിക്കാന്‍ റവന്യൂ  അസിസ്റ്റന്റ്് കമ്മീഷണര്‍ പി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ വീണ്ടും സര്‍ക്കാര്‍ നിയോഗിച്ചു. സജിത് ബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഹാരിസണ്‍ മലയാളം കൈവശം വയ്ക്കുന്ന ഭൂമിയുടെ ആധാരത്തിന്റെ നിയമ സാധുതയില്‍ സംശയം പ്രകടിപ്പിച്ചത്. നിയമപരമായി യാതൊരുവിധ അവകാശ വാദങ്ങളും ഭൂമി കൈവശം വയ്ക്കാന്‍ ഹാരിസണില്ലെന്നു കണ്ടെത്തിയ സജിത് ബാബു കമ്മീഷന്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു ചൂണ്ടിക്കാട്ടിയാണു റിപ്പോര്‍ട്ടു സര്‍ക്കാരിനു നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെങ്കിലും നടപടിയൊന്നും സ്വീകരിക്കാന്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ തയാറായില്ല. ഇതിനു പിന്നില്‍ ഹാരിസണും ഇടതു മുന്നണിയിലെ ചില രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അക്കാലത്ത് ആരോപണം ഉയര്‍ന്നിരുന്നു.

2011-ല്‍ 3508/2011 എന്ന നമ്പരില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഒരു ഒപി ഫയല്‍ ചെയ്തു. എന്നാല്‍ ഭരണഘടനാപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി ഈ കേസ് തള്ളുകയായിരുന്നു. ഹാരിസണ്‍ ഭൂമി വിഷയത്തില്‍ സര്‍ക്കാരിനും എച്ച്എംഎലിനും എതിരായി സി ആര്‍ നജീബും, കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ അഡ്വക്കേറ്റ് കൃഷ്ണരാജും ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാരിനെതിരായി വിധി വന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഗവണ്‍മെന്റ് പ്ലീഡറായി സുശീല ആര്‍ ഭട്ട് എത്തിയത്. ഹാരിസണിന്റെ കേസ് വാദം കേള്‍ക്കുന്നതിനിടെ കേരള ഹൈക്കോടതിയിലെ ആറു ബെഞ്ചുകള്‍ പിന്‍വാങ്ങിയത് അക്കാലത്തു വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു. 

2012-ല്‍ ഹാരിസണിന്റെ രേഖകള്‍ മുഴുവന്‍ പരിശോധിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചു കൊണ്ടിരുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു സര്‍വേ മാപ്പ് ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതു പരിശോധിച്ചനുഗവണ്‍മെന്റ് പ്ലീഡര്‍ (റവന്യൂ) സുശീല ആര്‍ ഭട്ടാണ് ഹാരിസണ്‍ കൈവശം വയ്ക്കുന്ന ഭൂമികളുടെ സര്‍വേ മാപ്പില്‍ വ്യാപക ക്രമക്കേടുകള്‍ ഉള്ളതായി കണ്ടെത്തിയത് . ഇതിനെത്തുടര്‍ന്ന് ഹാരിസണിന്റെ ഭൂമി സംബന്ധിച്ച്  വിശദമായ പരിശോധനയ്ക്കായി വിജിലന്‍സ് അന്വേഷണം അനിവാര്യമാണെന്നു ഗവണ്‍മെന്റ് പ്ലീഡര്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കുകയായിരുന്നു. ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം പരിഗണിച്ചനുസര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നിയമോപദേശത്തെ തുടര്‍ന്നു നടത്തിയ വിജിലന്‍സ് അന്വേഷണമാണ് ഹാരിസണ്‍ കമ്പനിയുടെ ഭൂമി സംബന്ധിച്ചും ആധാരം സംബന്ധിച്ചും നിര്‍ണായകമായ തെളിവുകള്‍ പുറത്തുകൊണ്ടുവന്നത്. ലണ്ടനില്‍ തയാറാക്കിയ ആധാരമാണ് കമ്പനിയുടെ പക്കലുള്ളതെന്നും തിരുവിതാംകൂര്‍ രാജാവിന്റെ മുദ്ര വ്യാജമായുണ്ടാക്കിയാണ് ആധാരം ചമച്ചതെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. അക്കാലത്ത് തിരുവിതാംകൂര്‍ രാജാവിന്റെ മുദ്ര അണ്ഡാകൃതിയിലുള്ളതായിരുന്നുവെങ്കില്‍ ഹാരിസണ്‍ ഹാജരാക്കിയ പട്ടയത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ഡൈമണ്ട് ആകൃതിയിലുള്ള മുദ്രയാണ്. 1923ല്‍ തയാറാക്കിയതാണെന്നു ചൂണ്ടിക്കാട്ടി ഹാരിസണ്‍ സമര്‍പ്പിച്ച ആധാരത്തില്‍ 1968-നു ശേഷം ഉപയോഗിച്ചു തുടങ്ങിയ ലിപി കണ്ടെത്തുകയായിരുന്നു. ഹാരിസണ്‍ വിവിധ ആധാരങ്ങളില്‍ ഉപയോഗിരിക്കുന്ന സര്‍വേ നമ്പരുകള്‍ വ്യാജമാണെന്നും വിജിലന്‍സ് സംഘം കണ്ടെത്തിയിട്ടുണ്ട്. ഹാരിസണ്‍ കമ്പനി കൈവശം വയ്ക്കുന്ന ആധാരം വ്യാജമാണെന്നും വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടു നിന്ന ഹാരിസണ്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഹാരിസണ്‍ കമ്പനി കൈവശം വയ്ക്കുന്ന ആധാരം സംബന്ധിച്ച് വളരെ നിര്‍ണായകമായ കണ്ടെത്തലുകളാണ്  വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ഇതേത്തുടര്‍ന്നാണ് വ്യാജ ആധാരം ചമയ്ക്കാന്‍ കൂട്ടുനിന്ന ഹാരിസണിന്റെ ഉദ്യോഗസ്ഥര്‍ക്കെതിരേയും രജിസ്‌ട്രേഷന്‍ വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 

സംസ്ഥാന ലാന്‍ഡ് ബോര്‍ഡിന്  സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ട് നല്‍കിയ നിയമോപദേശത്തിലും ഹാരിസണ്‍ വ്യാജ രേഖകള്‍ ചമച്ചുവെന്ന കാര്യം  ആവര്‍ത്തിക്കുന്നു.  '' 1984ല്‍ മാത്രം നിലവില്‍ വന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി വന്‍തോതില്‍ ഭൂമി കൈവശപ്പെടുത്തി ഹൈക്കോടതിയെയും സര്‍ക്കാരിനെയും ഭരണ സമ്പ്രദായത്തെയും വഞ്ചിച്ച്  പത്തനംതിട്ട, കൊല്ലം, കോട്ടയം ,ഇടുക്കി, എറാണാകുളം കോഴിക്കോട്, തൃശൂര്‍ എന്നീ കേരളത്തിലെ എട്ടു ജില്ലകളിലായി 62000-ത്തിലേറെ ഏക്കര്‍ സ്ഥലം കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് വ്യത്യസ്ത അന്വേഷണ റിപ്പോര്‍ട്ടുകളും അടുത്തിടെ പുറത്തുവന്ന വിജിലന്‍സ് റിപ്പോര്‍ട്ടും വ്യക്തമായി  സ്ഥാപിച്ചിരിക്കുകയാണ്. ഈ കമ്പനി വന്‍തോതില്‍ പണം സമ്പാദിക്കുകയും സര്‍ക്കാര്‍ ഖജനാവിനു ലഭിക്കേണ്ട ആയിരക്കണക്കിനു കോടി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. യുകെയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു വിദേശ കമ്പനി ഭൂരിഭാഗം ഓഹരികളും കൈവശംവയ്ക്കുന്ന ഈ കമ്പനിയാണ് സര്‍ക്കാരിനെ ഇത്തരത്തില്‍ വഞ്ചിക്കുന്നത്. ഇത് സര്‍ക്കാരിന്റെ പരമാധികാരത്തിനു തന്നെ ഭീഷണിയാണെന്നും നിയമോപദേശത്തില്‍ പറയുന്നു. ഹാരിസണ്‍ മലയാളം കേരള ഭൂ സംരക്ഷണ നിയമവും ഭൂ പരിധി നിയമവും ലംഘിച്ച് ഭൂമി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും നിയമവിരുദ്ധമായി  വില്‍പ്പന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയെന്നും രേഖകള്‍ പറയുന്നു. 

ഒടുവില്‍ കേസ് പരിഗണിച്ച തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, വി പി രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് 2013 ഫെബ്രുവരി 28ന് ഹാരിസണ്‍ മലയാളം കൈവശം വയ്ക്കുന്ന ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്ന് പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ ഭൂസംരക്ഷണ നിയമപ്രകാരം ഏറ്റെടുക്കാമെന്ന് ഉത്തരവിട്ടു.
കോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഹാരിസണ്‍ കമ്പനിയുടെ  ഭൂമിക്ക് പൊസഷന്‍, പ്ലാന്‍േറഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്നും മരം മുറിക്കരുതെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നുമുള്ള വിലക്ക് ഏര്‍പ്പെടുത്തി. കേരളത്തിലെ നാലു ജില്ലകളിലുള്ള ഹാരിസണിന്റെ 30,000 ഏക്കര്‍ ഭൂമിയെ സംബന്ധിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ വിശദമായ സ്ഥലപരിശോധന നടത്തുകയും ഹാരിസണെതിരെ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം സര്‍ക്കാര്‍ ഭൂമി എന്ന നിലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനെതിരെ ഹാരിസണ്‍ മറുപടി നല്‍കുകയും തങ്ങളുടെ പക്കലുള്ള േരഖകള്‍ ഹാജരാക്കുകയും ചെയ്തു. കോടതി നിര്‍ദേശ പ്രകാരമുള്ള  ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികളില്‍ കമ്പനി പൂര്‍ണ തൃപ്തരാണെന്നും അക്കാലത്ത് ഹാരിസണ്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മറുപടി നല്‍കിയതിനു തൊട്ടു പിന്നാലെ സ്‌പെഷ്യല്‍ ഓഫീസര്‍ കമ്പനിക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ക്ക് അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സാവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഹാരിസണ്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.  ഇതോടൊപ്പം സ്‌പെഷ്യല്‍ ഓഫീസര്‍ തുടര്‍ന്നുവരുന്ന എല്ലാ നടപടികളും  കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. പിന്നീട് 2014 ഒക്ടോബറില്‍ സ്‌പെഷല്‍ ഓഫീസറുടെ നിയമനാധികാരം ചോദ്യം ചെയ്തു സമര്‍പ്പിച്ചിരുന്ന ഹര്‍ജിയില്‍ വിധി പറഞ്ഞ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഹാരിസണ്‍ ഭൂമി സംബന്ധമായ നടപടികള്‍ക്കായി നാലു മാസം സമയം അനുവദിക്കാനും ഇതോടൊപ്പം അന്തിമ നടപടി സ്വീകരിക്കുകയാണെങ്കില്‍ അപ്പീല്‍ നല്‍കാന്‍ ഒരുമാസം സമയം അനുവദിക്കാനും ഉത്തരവിട്ടു. മുമ്പ് ഹാരിസണ്‍ കമ്പനി അധികൃതര്‍  ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സ്‌പെഷല്‍ ഓഫീസറുടെ എല്ലാ നടപടികളും കോടതി സ്‌റ്റേ ചെയ്തിരുന്നു. 

സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു തൊഴില്‍ നല്‍കുന്നതു തങ്ങളാണെന്ന് അവകാശപ്പെടുന്ന ഹാരിസണ്‍ മലയാളം കമ്പനി 14000 പേര്‍ക്കു തൊഴില്‍ നല്‍കുന്നു. പൈനാപ്പിളിനൊപ്പം ഏറ്റവും കൂടുതല്‍ പ്രകൃതി ദത്ത റബര്‍ ഉല്‍പ്പാദിപ്പിക്കുന്നതും ഹാരിസണ്‍ തന്നെ. ഹാരിസണ്‍ കമ്പനി അധികൃതരുടെ എക്കാലത്തെയും വാദം തങ്ങള്‍ ഭൂമി കൈവശംവയ്ക്കുന്നത് എല്ലാവിധ രേഖകളോടെയാണെന്നും സര്‍ക്കാര്‍ അനാവശ്യമായി തങ്ങളെ വേട്ടയാടുകയാണെന്നുമാണ്. സര്‍ക്കാരിന്റെ കമ്മീഷനുകള്‍ നടത്തിയ അന്വേഷണങ്ങളെല്ലാം ഏകപക്ഷീയമാണെന്നും വാദിക്കുന്ന ഹാരിസണ്‍ കമ്പനി അധികൃതര്‍ കമ്പനിയില്‍ ഇപ്പോഴും വിദേശ പങ്കാളിത്തമുണ്ടെന്നു തുറന്നു സമ്മതിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com