പ്രളയം: കാര്‍ഷിക മേഖലയിലെ നഷ്ടം 19,000കോടി; യുഎന്‍ ഏജന്‍സിയില്‍ നിന്ന് 500കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

പ്രളയക്കെടുതിയില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്രസഭയില്‍ നിന്നും സംസ്ഥാനത്തിന് വായ്പ ലഭിച്ചേക്കും
പ്രളയം: കാര്‍ഷിക മേഖലയിലെ നഷ്ടം 19,000കോടി; യുഎന്‍ ഏജന്‍സിയില്‍ നിന്ന് 500കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്രസഭയില്‍ നിന്നും സംസ്ഥാനത്തിന് വായ്പ ലഭിച്ചേക്കും. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുളള രാജ്യാന്തര കാര്‍ഷികവികസന നിധിയുടെ (ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഇഫാഡ്) 500 കോടി രൂപയുടെ വായ്പയാകും ലഭിക്കുക. 40 വര്‍ഷത്തേക്കു കുറഞ്ഞ പലിശയ്ക്കുള്ള വായ്പയ്ക്കു തത്വത്തില്‍ ധാരണയായി.

വികസ്വര രാജ്യങ്ങളിലെ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്കു സഹായം നല്‍കുന്ന ഏജന്‍സിയാണു റോം ആസ്ഥാനമായ 'ഇഫാഡ്'. ഇതിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി മന്ത്രി വി.എസ്. സുനില്‍കുമാറുമായി ചര്‍ച്ച നടത്തി. പിന്നീടു കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ ഡല്‍ഹിയിലും ആശയവിനിമയമുണ്ടായി. പ്രാഥമിക റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള വായ്പാ പരിധി കേന്ദ്രം ഉയര്‍ത്തണമെന്നതാണ് അവശേഷിക്കുന്ന തടസ്സങ്ങളിലൊന്ന്. ഇതിനുള്ള സമ്മര്‍ദം കേരളം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രാലയത്തോട് 2000 കോടിയുടെ സഹായമാണ് അടിയന്തരമായി തേടിയിരിക്കുന്നത്. ദേശീയ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഫണ്ടിനായും ശ്രമമുണ്ട്.

പ്രളയം കാര്‍ഷിക മേഖലയ്ക്കുണ്ടാക്കിയ നഷ്ടം 19,000 കോടിയുടേതാണെന്നാണ് കൃഷിവകുപ്പ് റിപ്പോര്‍ട്ട്. വിളനാശം മാത്രം 6000 കോടിയുടേതാണ്. ബൃഹദ് പുനരുജ്ജീവന പദ്ധതി തയാറാക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. പ്രളയത്തെത്തുടര്‍ന്നു നിലവിലെ ചില പദ്ധതികള്‍ തല്‍ക്കാലം വേണ്ടെന്നുവച്ചു. പകരം നെല്ല്, വാഴ, പച്ചക്കറി, കുരുമുളക്, ഏലം തുടങ്ങിയവയ്ക്ക് ഊന്നല്‍ കൊടുക്കുന്ന പുതിയ പദ്ധതി നടപ്പാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com