ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ തുണയായി ; നവദമ്പതികളുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

കഴിഞ്ഞ ജൂലൈ ആറിനാണ്,  മക്കിയാട് പൂവരഞ്ഞി വാഴയില്‍ ഉമ്മറും (26), ഭാര്യ ഫാത്തിമ (19)യും കിടപ്പ്മുറിയില്‍ അതിക്രൂരമായി  വെട്ടേറ്റ് മരിച്ചത്
ഫാത്തിമയുടെ മൊബൈല്‍ ഫോണ്‍ തുണയായി ; നവദമ്പതികളുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ ഏറെ വിവാദമായ വെള്ളമുണ്ടയിലെ നവദമ്പതികളുടെ കൊലപാതക കേസിലെ പ്രതി ഒടുവില്‍ പൊലീസ് പിടിയിലായി. തൊട്ടില്‍പ്പാലം മരുതോരുമ്മല്‍ വിശ്വനാഥന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ ആറിനാണ്, വെള്ളമുണ്ട മക്കിയാട് പൂവരഞ്ഞി വാഴയില്‍ മൊയ്തുആയിഷ ദമ്പതികളുടെ മകന്‍ ഉമ്മറും (26), ഭാര്യ ഫാത്തിമ (19)യും കിടപ്പ്മുറിയില്‍ അതിക്രൂരമായി  വെട്ടേറ്റ് മരിച്ചത്. 

വിവാഹം നടന്ന മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദമ്പതികള്‍ ദാരുണമായി കൊല ചെയ്യപ്പെടുന്നത്. ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും, മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും പൊലീസ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

മോഷണമാണ് ഇരട്ട കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. വീട്ടില്‍ നിന്ന് എട്ട് പവനോളം സ്വര്‍ണ്ണാഭരണങ്ങളും ഫാത്തിമയുടെ മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. ഫാത്തിമയുടെ മാല, മൂന്ന് വളകള്‍, ബ്രേസ് ലെറ്റ്, രണ്ട് പാദസ്വരങ്ങള്‍ എന്നിവയാണ് നഷ്ടമായ സ്വര്‍ണ്ണാഭരണങ്ങള്‍. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി കുറ്റിയാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചതും കേസിൽ നിർണായകമായി.  

കേസിലെ പ്രതിയെ കണ്ടെത്താത്തതില്‍ പൊലീസിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് യു.ഡി.എഫ് വെളളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ വരെ നടത്തിയിരുന്നു. തലയിലേറ്റ അതിശക്തമായ അടി കാരണം ഇരുവരുടെയും തലയോട്ടി പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. വീടും പരിസരവും മുളക് പൊടി വിതറിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com