ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു ; ഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും

വ്യക്തി വിരോധം തീര്‍ക്കുന്നതിനാണ് കന്യാസ്ത്രീ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ഫ്രാങ്കോ മുളയ്ക്കല്‍
ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു ; ഹര്‍ജി ഉച്ചയ്ക്ക് പരിഗണിക്കും


കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ അറസ്റ്റ് വിലക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ഫ്രാങ്കോയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് കോടതി പരിഗണിക്കും. 

അതിനിടെ ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധര്‍ രൂപത വിട്ടു. ലൈംഗിക പീഡനക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്നോടിയായാണ് ഫ്രാങ്കോ രൂപത വിട്ടത്. എന്നാല്‍ ഇദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് രൂപത അധികൃതര്‍ക്ക് അറിവില്ല. ഫ്രാങ്കോ എവിടെയാണെന്ന് ജലന്ധര്‍ പൊലീസിനും വിവരമില്ല. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വന്നശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായാല്‍ മതിയെന്ന് ബിഷപ്പിന് നിയമോപദേശം ലഭിച്ചതായും റിപ്പോര്‍്ട്ടുകളുണ്ട്. 

തനിക്കെതിരെയുള്ള വ്യക്തി വിരോധം തീര്‍ക്കുന്നതിനാണ് കന്യാസ്ത്രീ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളതെന്നാണ് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നത്. കന്യാസ്ത്രീ തനിക്കെതിരെ കള്ളക്കഥ മെനയുകയാണ്. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണ്. പലതവണ താന്‍ ശാസിച്ചിട്ടുണ്ട്. ഇതിന്റെ വിരോധം തീര്‍ക്കുകയാണെന്നും ഹര്‍ജിയില്‍ ബിഷപ്പ് പറയുന്നു. 

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനായി രൂപത പിആര്‍ഒയ്ക്കും അടുത്ത അനുയായിയുമായ ഫാദര്‍ പീറ്റര്‍ കാവുംപുറത്തിനുമൊപ്പം ബിഷപ്പ് ജലന്തറില്‍ നിന്ന് തിരിച്ചെന്നാണ് സൂചനകള്‍.  നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമായി ചോദ്യാവലി തയ്യാറാക്കിയ അന്വേഷണ സംഘത്തിനുമുന്നില്‍ വസ്തുതപരമായ മറുപടി നല്‍കാനായില്ലെങ്കില്‍ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com