ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയില്‍; രാവിലെ പത്തുമണിക്ക് ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് നിര്‍ദ്ദേശം 

ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ബിഷപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്
ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയില്‍; രാവിലെ പത്തുമണിക്ക് ഹാജരാകാന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് നിര്‍ദ്ദേശം 

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് തൃപ്പൂണിത്തുറയില്‍ നടക്കും. ചോദ്യം ചെയ്യലിനായി രാവിലെ പത്ത് മണിക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് ബിഷപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലാക്കാന്‍ തീരുമാനിച്ചത്. തൃപ്പൂണിത്തുറയിലെ ഹൈടെ് ചോദ്യം ചെയ്യല്‍ മുറിയിലാകും ചോദ്യം ചെയ്യല്‍. 

ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാല്‍, കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസമില്ലെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു. അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുമായി ബിഷപ്പിന്റെ മൊഴികള്‍ പൊരുത്തപ്പെട്ടാല്‍ അറസ്റ്റുചെയ്യാന്‍ തടസ്സമുണ്ടാകില്ല. ബിഷപ്പിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടായാല്‍ അടുത്തദിവസം വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിക്കും. ബിഷപ്പ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്‌റ്റേഴ്‌സ് കര്‍മസമിതി എറണാകുളത്ത് നടത്തുന്ന സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ മേഖലകളില്‍ നിന്നുളള ആളുകള്‍ സമരപ്പന്തലിലേക്ക് എത്തുന്നുണ്ട്. കന്യാസ്ത്രീയുടെ സഹോദരിക്കൊപ്പം സാമൂഹിക പ്രവര്‍ത്തക പി ഗീതയും എഐസിസി അംഗം പ്രൊഫ. ഹരിപ്രിയയും നിരാഹാരം തുടരുകയാണ്.

ബുധനാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം വീണ്ടും ഹാജരാകാനാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കാനാണ് സാധ്യത. കോടതി തീരുമാനം ഉണ്ടായശേഷം വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തും. അന്വേഷണത്തില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. കേസില്‍ ബിഷപ്പിനെ അറസ്റ്റുചെയ്യാന്‍ വേണ്ട തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com