ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി ; ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലില്‍, മുഖഭാവങ്ങളും ശരീര ചലനങ്ങളും നിരീക്ഷിക്കും

ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി ; ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലില്‍, മുഖഭാവങ്ങളും ശരീര ചലനങ്ങളും നിരീക്ഷിക്കും

അന്വേഷണ സംഘ തലവന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ട് സംഘമായാകും ചോദ്യം ചെയ്യുക


കൊച്ചി : കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍.  അന്വേഷണ സംഘ തലവന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ട് സംഘമായാകും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി നൂറിലേറെ ചോദ്യങ്ങളും ഉപചോദ്യങ്ങളും അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. 

ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിലെ ഹൈടെക് സെല്ലാണ് സജ്ജീകരിച്ചിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും. ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ്. ആദ്യ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയില്‍ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും. ഉന്നത ഉദ്യോ​ഗസ്ഥർ ഇന്റർനെറ്റിലൂടെ ചോദ്യം ചെയ്യൽ നിരീക്ഷിക്കും. 

ചോദ്യം ചെയ്യലിന്റെ ഭാഗമായി തൃപ്പൂണിത്തുറയില്‍ സുരക്ഷ ശക്തമാക്കി. ചില്ലുകള്‍ മറച്ച കാറില്‍ നാടകീയമായാണ് ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി എറണാകുളം റേഞ്ച് ഐജി ഓഫീസില്‍ വൈക്കം ഡിവൈഎസ്പി സുഭാഷ്, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവര്‍ റേഞ്ച് ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തി. രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട പ്രാഥമിക അവലോകനം നടത്തി. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തലാണ് പ്രധാനമായും ചെയ്യുന്നതെന്നും, മറുപടികള്‍ തൃപ്തികരമല്ലങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു. ചോദ്യം ചെയ്യലില്‍ വ്യക്തമായ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണസംഘം തീരുമാനിക്കും. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലെന്നും എസ്പി പറഞ്ഞു. 

ചോദ്യം ചെയ്യലിനായി ഫ്രാങ്കോ മുളയ്ക്കല്‍ ഇന്നലെ തൃശൂരിലെത്തി എന്നാണ് സൂചന. രാവിലെ മുരിങ്ങൂരിലെത്തിയ ശേഷമാണ് ചോദ്യം ചെയ്യലിനായി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഷപ്പിനൊപ്പം അഭിഭാഷകരുടെ സംഘവും ഉണ്ടെന്നാണ് സൂചന. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നായിരുന്നു പൊലീസ് ബിഷപ്പിന് നോട്ടീസ് നല്‍കിയിരുന്നത്. വൈക്കം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെ ഹൈടെക് സെല്ലില്‍ ചോദ്യം ചെയ്യാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ സുരക്ഷ കൂടി കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. 

കേസുമായി ബന്ധപ്പെട്ട് അഞ്ച് സംസ്ഥാനങ്ങളിലും ഏഴ് ജില്ലകളിലും തെളിവെടുപ്പ് നടത്തിയതായും കോട്ടയം എസ്പി അറിയിച്ചു. അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമില്ലെന്നും, കേസ് തെളിയിക്കുക എന്ന സമ്മര്‍ദ്ദം മാത്രമേ ഉള്ളൂ എന്നും കോട്ടയം എസ്പി പറഞ്ഞു. 2014-16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചു എന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു.  കന്യാസ്ത്രീയുടെ രഹസ്യമൊഴിക്ക് പുറമെ നാടുകുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യപരിശോധന റിപ്പോര്‍ട്ട് എന്നിവ ഉള്‍പ്പെടെ തെളിവുകളും വിലയിരുത്തിയിരുന്നു. കൂടാതെ അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെത്തിയും പൊലീസ് തെളിവ് ശേഖരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com