മോഷണം നാട്ടുകാരറിഞ്ഞു, ജോലി കിട്ടാതെ നാടുവിട്ടു, കാറില്‍ ലോട്ടറി വിറ്റ് നടന്ന് സ്ഥല പരിചയമുണ്ടാക്കി; തുടര്‍ന്ന് ഇരട്ട കൊലപാതകം

മോഷണം നാട്ടുകാരറിഞ്ഞു, ജോലി കിട്ടാതെ നാടുവിട്ടു, കാറില്‍ ലോട്ടറി വിറ്റ് നടന്ന് സ്ഥല പരിചയമുണ്ടാക്കി; തുടര്‍ന്ന് ഇരട്ട കൊലപാതകം

പ്രതി തൊട്ടില്‍പ്പാലം മരുതോരുമ്മല്‍ വിശ്വനാഥന്‍ ഏറെക്കാലം ലോട്ടറി വിറ്റ് നടന്ന് സ്ഥല പരിചയമുണ്ടാക്കിയ ശേഷം മോഷണത്തിനായുള്ള പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ്

കല്‍പ്പറ്റ :വയനാട്ടില്‍ ഏറെ വിവാദമായ വെള്ളമുണ്ടയിലെ നവദമ്പതികളുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടന്ന് രണ്ടുമാസത്തിന് ശേഷം പിടിയിലായ പ്രതി തൊട്ടില്‍പ്പാലം മരുതോരുമ്മല്‍ വിശ്വനാഥന്‍ ഏറെക്കാലം ലോട്ടറി വിറ്റ് നടന്ന് സ്ഥല പരിചയമുണ്ടാക്കിയ ശേഷം മോഷണത്തിനായുള്ള പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ്
ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കൊലപാതക, മോഷണക്കേസുകളില്‍ പെട്ടവരെ കുറിച്ചുള്ള അന്വേഷണവും ജില്ലാ ജയിലുകള്‍, സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങിയവരെ കുറിച്ചുള്ള അന്വേഷണവുമാണ് പൊലീസിനെ വിശ്വനിലേക്കെത്തിച്ചത്.
ഇയാള്‍ മുമ്പും ഇത്തരം കേസുകളില്‍ പെട്ടിരുന്നുവെന്ന് കണ്ടതോടെ അന്വേഷണം ഇയാളിലേക്ക് കേന്ദ്രീകരിക്കുകയായിരുന്നു. 

28 കിലോമീറ്റര്‍ ഇപ്പുറമുള്ള തൊട്ടില്‍പ്പാലത്തു നിന്നുമാണ് വിശ്വനാഥന്‍ എന്ന വിശ്വന്‍ വെള്ളമുണ്ടയില്‍ മോഷണത്തിനെത്തിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്ന വിശ്വന്‍ കുറച്ചുനാളായി നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. നാട്ടുകാര്‍ക്കിടയില്‍ മോഷ്ടാവ് എന്ന പേര് വീണതോടെ പലരും ഇയാളെ ജോലിക്ക് വിളിക്കാതായി. തുടര്‍ന്നായിരുന്നു  കാറില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചത്. മാനന്തവാടിയില്‍ സ്ഥിരമായി ലോട്ടറിയെടുക്കാന്‍ പോവുന്നതിനിടെ സ്ഥലപരിചയമുണ്ടാക്കുകയും മോഷണത്തിനായി പദ്ധതിയിടുകയുമായിരുന്നു.

റോഡ് സൈഡില്‍ തന്നെയുള്ള ചെറിയ വീട്ടില്‍ വിവാഹം നടന്നുവെന്നും, അവിടെ രണ്ട് പേര്‍ മാത്രമാണ് താമസിക്കുന്നത് എന്നും മനസ്സിലാക്കിയ വിശ്വന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മോഷണത്തിനായി വീട്ടിലെത്തിയത്. മോഷണത്തിന് പുറമെ രാത്രിയില്‍ വീടുകളിലെത്തി ഒളിഞ്ഞുനോക്കുന്നതും ഇയാളുടെ ശീലമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പലപ്പോഴായി നാട്ടുകാര്‍ ഇയാളെ പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 

ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംസ്ഥാന പാതയുടെ തൊട്ടടുത്ത വീടായത് കൊണ്ട് മോഷണവും കൊലപാതകവും നടത്തി പെട്ടെന്ന് രക്ഷപ്പെടാനും ഇയാള്‍ക്കായി. മോഷണ ശ്രമം ചെറുക്കുന്നതിനിടെ നവ ദമ്പതികളായ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ തലയ്ക്കടിച്ച് വീഴ്ത്തി. ഇതോടെ രണ്ട് പേരുടേയും മരണം സംഭവിക്കുകയും ചെയ്തു.  പൈപ്പ് പോലുള്ള കട്ടിയുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരുടേയും തലയോട്ടി തകര്‍ന്ന് പോവുകയും ചെയ്തിരുന്നു.  

മോഷ്ടിച്ചെന്ന് കരുതുന്ന സ്വര്‍ണം ഇയാള്‍ കുറ്റിയാടിയിലെ ഒരു സേട്ടുവിനായിരുന്നു വിറ്റത്. ഇത് ചൊവ്വാഴ്ച തന്നെ പൊലീസ് കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടില്‍ നിന്നും കാണാതായ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ പ്രതിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച കമ്പിപ്പാര കൊലപാതകം നടന്ന വീടിന് സമീപത്തെ പ്രദേശത്ത് വലിച്ചെറിഞ്ഞിരുന്നുവെങ്കിലും ഇതും പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കേസിലെ പ്രതിയെ കണ്ടെത്താത്തതില്‍ പൊലീസിന് രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. പൊലീസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് യു.ഡി.എഫ് വെളളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ വരെ നടത്തിയിരുന്നു.കൊലപാതകം നടന്ന വീടും പരിസരവും മുളക് പൊടി വിതറിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com