കന്യാസ്ത്രീയുടെ മരണം  20 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കല്ലുരുട്ടി സേക്രഡ് ഹാര്‍ട്ട് മഠത്തിലെ സിസ്റ്റര്‍ ജ്യോതിസിന്റെ മരണം പുനരന്വേഷിക്കാന്‍ ഉത്തരവ്. മരണം സംഭവിച്ച് 20 വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്
കന്യാസ്ത്രീയുടെ മരണം  20 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

കോഴിക്കോട്: കല്ലുരുട്ടി സേക്രഡ് ഹാര്‍ട്ട് മഠത്തിലെ സിസ്റ്റര്‍ ജ്യോതിസിന്റെ മരണം പുനരന്വേഷിക്കാന്‍ ഉത്തരവ്. മരണം സംഭവിച്ച് 20 വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിക്കുന്നത്. മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

1998 നവംബര്‍ 20നാണ് കല്ലുരുട്ടി സേക്രഡ് ഹാര്‍ട്ട് മഠം വളപ്പിലെ കിണറ്റില്‍ 21 കാരിയായ സിസ്റ്റര്‍ ജ്യോതിസിന്റെ മൃതദേഹം കണ്ടത്.  മുങ്ങി മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജനനേന്ദ്രിയത്തില്‍ മുറിവുണ്ടെന്നും, രക്തം വാര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 

കന്യാസ്ത്രീയുടെ കുടുംബത്തിന്റെ പരാതിയില്‍ ലോക്കല്‍ പോലീസ് കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു കണ്ടെത്തല്‍. അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി സിസ്റ്ററുടെ മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍ ശരിവയ്ക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലായിരുന്നുവെന്നും മകളുടെ മരണം ദുരൂഹമാണെന്നും മാതാപിതാക്കള്‍ ആവര്‍ത്തിക്കുന്നു. 

അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന  ആവശ്യവും പരിഗണിക്കപ്പെട്ടില്ല. മാറിമാറി വന്ന സര്‍ക്കാരുകള്‍ മുഖം തിരിച്ചതോടെ കുടംബം നിയമപോരാട്ടം അവസാനിപ്പിച്ചു. തുടര്‍ന്ന് കാത്തലിക് ലെയ്‌മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി കന്യാസ്ത്രീയുടെ മാതാപിതാക്കളുടെയും പരാതിക്കാരനായ ജോര്‍ജ് മാളിയേക്കലിന്റെയും മൊഴി വീണ്ടുമെടുത്തു. വരും ദിവസങ്ങളില്‍ മഠം അധികൃതരെയും ക്രൈംബ്രാഞ്ച് സമീപിക്കും. തുടരന്വേഷണത്തിലെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീയുടെ കുടുംബം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com