'കൊച്ചി ഭരിക്കുന്ന കമ്മീഷണറല്ല, കോഴി അസിയാണ്, നീ കിടന്നുറങ്ങണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും'; ചൂതാട്ടത്തെക്കുറിച്ച് വിവരം നല്‍കിയ ഗൃഹനാഥന് നേരെ ഗുണ്ട ആക്രമണം

ചൂതാട്ടത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം കൈമാറിയ ഗൃഹനാഥന്റെ തമ്മനത്തെ വീട്ടില്‍ ഗുണ്ടാ ആക്രമണം
'കൊച്ചി ഭരിക്കുന്ന കമ്മീഷണറല്ല, കോഴി അസിയാണ്, നീ കിടന്നുറങ്ങണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിക്കും'; ചൂതാട്ടത്തെക്കുറിച്ച് വിവരം നല്‍കിയ ഗൃഹനാഥന് നേരെ ഗുണ്ട ആക്രമണം


'സിറ്റി ഭരിക്കുന്നത് ഷാഡോ പൊലീസോ കമ്മീഷണറോ ഒന്നുമല്ല, കോഴി അസിയാണ്... നീ വീട്ടില്‍ കിടന്നുറങ്ങണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നത് അസിയാ... അത് നീ ഓര്‍ത്തോ'  ചൂതാട്ടത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം കൈമാറിയ ഗൃഹനാഥന്റെ തമ്മനത്തെ വീട്ടില്‍ ഗുണ്ടാ ആക്രമണം. കോഴി അസീസ് എന്ന പേരില്‍ അഫിയപ്പെടുന്ന അസീസാണ് വീട്ടിലേക്ക് ആക്രമിച്ച് കയറി ഗൃഹനാഥനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. 

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അസീസും കൂട്ടാളിയും ബുള്ളറ്റില്‍ എത്തിയത്. ബെല്‍ രണ്ട് തവണ അടിച്ചു. ജനല്‍ വഴി പുറത്തേക്ക് നോക്കിയ ഗൃഹനാഥന്‍ കണ്ടത് വെള്ള വസ്ത്രങ്ങള്‍ ധരിച്ച് രണ്ട് പേര്‍ നില്‍ക്കുന്നതാണ്. രാഷ്ട്രീയക്കാരാണെന്ന് കരുതി വാതില്‍ തുറന്നപ്പോഴേക്കും മുഖം അടച്ച് ഒരു അടി കൊടുത്തു. പിന്നീട് അക്രമി സംഘതന്നെ വീട്ടിലെ ലൈറ്റുകളിട്ടു. വീട്ടിലെ മറ്റുള്ളവര്‍ എഴുന്നേറ്റു വന്നപ്പോള്‍ കണ്ടത് മാരകായുധങ്ങളുമായി നില്‍ക്കുന്ന ഗുണ്ടകളെയാണ്. ഗൃഹനാഥനെ ആക്രമിക്കുന്നതു കണ്ട് ഇയാളുടെ ഭാര്യയും അമ്മയും രണ്ട് കുട്ടികളും കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ വിട്ടില്ല. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിലുള്ളവര്‍ എഴുന്നേറ്റതോടെയാണ് ഇവര്‍ മടങ്ങിയത്. 

അടുത്ത ദിവസം കലൂരിലെ എസ്ആര്‍എം റോഡിലെ ചൂതാട്ടക്കളത്തില്‍ അഞ്ചു ലക്ഷം രൂപ എത്തിക്കണം എന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ പോയത്. അല്ലെങ്കില്‍ കൈയും കാലും വെട്ടി തവളയെപ്പോലെ നടത്തിപ്പിക്കുമെന്ന ഭീഷണിയും. 

ചൂതാട്ടസംഘത്തെ പിടിച്ചപ്പോള്‍ ഷാഡോ പൊലീസ് മുന്നേകാല്‍ ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. അതിന് പകരമായാണ് പണം ആവശ്യപ്പെട്ടത്. 15 മിനിറ്റോളമാണ് ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കറുപ്പള്ളിയില്‍ ഹോട്ടല്‍ നടത്തുന്ന റാഫിക്കാണ് കോഴി അസിയുടെ കൂടെയുണ്ടായിരുന്നത്. ഇരുവര്‍ക്കും വേണ്ടി വലവിരിച്ചതായി പൊലീസ് പറഞ്ഞു. കൂടാതെ വീട്ടുകാര്‍ക്ക് സംരക്ഷണവും ഒരുക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com