ചിക്കന്റെ വില നൂറില്‍ താഴെ: വിഭവങ്ങള്‍ക്ക് 120മുതല്‍ 400രൂപവരെ; തോന്നുംപോലെ വില ഈടാക്കി ഹോട്ടലുകള്‍

രണ്ടു മാസത്തിലധികമായി ചിക്കന്‍വില നൂറില്‍ താഴെയായിട്ടും ചിക്കന്‍ വിഭവങ്ങളുടെ ഉയര്‍ന്ന വിലയില്‍ മാറ്റമില്ല
ചിക്കന്റെ വില നൂറില്‍ താഴെ: വിഭവങ്ങള്‍ക്ക് 120മുതല്‍ 400രൂപവരെ; തോന്നുംപോലെ വില ഈടാക്കി ഹോട്ടലുകള്‍

തിരുവനന്തപുരം: രണ്ടു മാസത്തിലധികമായി ചിക്കന്‍വില നൂറില്‍ താഴെയായിട്ടും ചിക്കന്‍ വിഭവങ്ങളുടെ ഉയര്‍ന്ന വിലയില്‍ മാറ്റമില്ല. മുമ്പ് കോഴിവില ഉയര്‍ന്നപ്പോള്‍ ചിക്കന്‍വിഭവങ്ങളുടെ വിലയില്‍ 15 ശതമാനത്തിനു മുകളിലാണ് ഹോട്ടലുകള്‍ നിരക്കു വര്‍ധിപ്പിച്ചത്. എന്നാല്‍ വില ഉയരുമ്പോള്‍ വര്‍ധന നടപ്പിലാക്കുന്നവര്‍  നിരക്ക് കുറയ്ക്കാത്തതിനതിരെ കടുത്ത വിമര്‍ശനമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നിരിക്കുന്നത്. കോഴിഫാമുകളില്‍ ഇന്നലെ കോഴി വില കിലോയ്ക്ക് 63 രൂപയായിരുന്നു. ചില്ലറ വിപണിയില്‍ 85 രൂപ നിരക്കിലായിരുന്നു വില്‍പന. ഹോട്ടലുകളിലേക്കു മൊത്തമായി എടുക്കുമ്പോള്‍ 75 രൂപ നിരക്കില്‍ നല്‍കും. തലസ്ഥാനത്തെ ഹോട്ടലുകളില്‍ 120 മുതല്‍ 400 വരെയാണു ചിക്കന്‍ വിഭവങ്ങളുടെ വില. ഷവായി, തന്തൂരി ഐറ്റങ്ങള്‍ക്കാണ് ഉയര്‍ന്ന വില ഈടാക്കുന്നത്.

തിരുവനനന്തപുരത്ത് കോഴി ഫാമുകളില്‍ 63 രൂപയായിരുന്നു ഇന്നലത്തെ വിലയെങ്കില്‍, തമിഴ്‌നാട്ടില്‍ ഇന്നലെ 55 രൂപയായിരുന്നു. അവിടെ ചില്ലറ വില്‍പന നടത്തിയത് 60 മുതല്‍ 65 രൂപ വരെ നിരക്കിലായിരുന്നു. തലസ്ഥാനത്ത് ചിക്കന്‍ കൂടുതലും എത്തുന്നത് അതിര്‍ത്തി പ്രദേശമായ കളിയിക്കാവിളയില്‍ നിന്നാണ്. തൊട്ടടുത്തുള്ള തമിഴ്‌നാട് നിരക്കില്‍ സാധനങ്ങള്‍ ലഭിക്കുമെന്നതാണ് ഭൂരിപക്ഷത്തിനെയും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഒരു തവണ പോലും കോഴിവില നൂറു കടന്നു പോയിട്ടില്ല. എന്നിട്ടും വിഭവങ്ങളുടെ വലിയ വിലയില്‍ കുറവില്ല.

മറ്റ് അവശ്യവസ്തുക്കളുടെ ഉയര്‍ന്ന വില മൂലമാണ് ചിക്കന്‍ വിഭവങ്ങളുടെ വില കുറയ്ക്കാന്‍ സാധിക്കാത്തതെന്നാണ് ഹോട്ടലുകാരുടെ ന്യായം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാമുകളില്‍ കോഴി ഉല്‍പാദനം കൂടുകയും ആവശ്യക്കാര്‍ കുറയുകയും ചെയ്തതോടെ കോഴികള്‍ പലയിടത്തും കെട്ടിക്കിടക്കാന്‍ തുടങ്ങി. ഇതോടെ  കോഴി വിലയും  കുറഞ്ഞു. ഇതേ വിലയില്‍തന്നെ  കോഴി വില മുന്നോട്ടു പോകുമെന്നു മൊത്തവിതരണ കച്ചവടക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com