പരീക്ഷണം വിജയം; കണ്ണൂരിൽ വിമാനമിറങ്ങി; ഉദ്ഘാടന തീയതി ഉടൻ

കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുപയോ​ഗിച്ചുള്ള പരീക്ഷണ പറക്കൽ പൂർണ വിജയം
പരീക്ഷണം വിജയം; കണ്ണൂരിൽ വിമാനമിറങ്ങി; ഉദ്ഘാടന തീയതി ഉടൻ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുപയോ​ഗിച്ചുള്ള പരീക്ഷണ പറക്കൽ പൂർണ വിജയം. 200 പേർക്കിരിക്കാവുന്ന എയർഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനം പരീക്ഷണാടിസ്ഥാനത്തിൽ സുരക്ഷിതമായി തന്നെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ആറ് തവണ താഴ്ന്നു പറന്ന് പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ്. നവംബറോടെ വിമാനത്താവളം പൂർണ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിമാനത്താവളം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഇതോടെ പൂര്‍ത്തിയാകും. വലിയ യാത്രാ വിമാനം പറത്തിയതിന്റെ റിപ്പോര്‍ട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം  യോഗം ചേർന്ന് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിക്കുക. 

നേരത്തെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്തിമ പരിശോധന പൂർത്തിയാക്കിയിരുന്നു. രണ്ട് ദിവസത്തെ പരിശോധന പൂർത്തിയാക്കി വിദഗ്ധ സംഘം ബുധനാഴ്ച വൈകീട്ടോടെയാണ് മടങ്ങിയത്. റൺവേയിൽ യാത്രാ വിമാനമിറക്കിയുള്ള പരിശോധനയാണ് ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്. 

ഡൽഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് ഡി.ജി.സി.എ. സംഘം പരിശോധനാ റിപ്പോർട്ട് കൈമാറും. റിപ്പോർട്ട് പരിഗണിച്ച് ഈ മാസം തന്നെ കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ ആദ്യം മുതൽ വിമാനത്താവളത്തിൽ നിന്ന് സർവീസുകൾ തുടങ്ങാനും സാധിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com