ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസ്സമില്ല ; ഡിജിപി നിയമോപദേശം നല്‍കി, അറസ്റ്റില്‍ തീരുമാനം നാളെ ? 

ചോദ്യം ചെയ്യലിന് നാളെ രാവിലെ ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയതായി കോട്ടയം എസ്പി
ബിഷപ്പിന്റെ അറസ്റ്റിന് നിയമ തടസ്സമില്ല ; ഡിജിപി നിയമോപദേശം നല്‍കി, അറസ്റ്റില്‍ തീരുമാനം നാളെ ? 

കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസ്സമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെ എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ, ഡിജിപി ഓഫീസിലെത്തി നിയമോപദേശം തേടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഇരിക്കവെ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമുണ്ടോ എന്നായിരുന്നു ഐജി ആരാഞ്ഞത്. 

ഡിജിപിയുടെ ഓഫീസിലെ സീനിയര്‍ പ്ലീഡറുമായാണ് ഐജി കൂടിക്കാഴ്ച നടത്തിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ നാളെയും തുടരും. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 10.30 ന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് നല്‍കിയതായി കോട്ടയം എസ്പി ഹരിശങ്കര്‍ അറിയിച്ചു. ചോദ്യം ചെയ്യല്‍ നാളെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും എസ്പി അറിയിച്ചു. 

ബിഷപ്പിന്റെ മൊഴികളില്‍ വിശദമായ പരിശോധന ആവശ്യമുണ്ട്. അത് ഇന്ന് രാത്രിയോടെ പൂര്‍യാക്കാനാണ് തീരുമാനം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ബിഷപ്പിന്റെ മൊഴികൾ പരിശോധിക്കുക. ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകള്‍ വിശദമായി അവലോകനം ചെയ്തു വരികയാണ്. ബിഷപ്പ് പറഞ്ഞ 10 ശതമാനം കാര്യങ്ങളില്‍ വെരിഫിക്കേഷന്‍ ആവശ്യമാണ്. ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയാക്കാനാണ് ആലോചിച്ചത്. ചോദ്യം ചെയ്യലിനോട് ഫ്രാങ്കോ മുളയ്ക്കല്‍ സഹകരിക്കുന്നുണ്ട്. നിലവില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു. 

ചോദ്യം ചെയ്യൽ ഇന്നും ഏഴു മണിക്കൂറോളം നീണ്ടു. പൊലീസിന്റെ പക്കലുള്ള തെളിവുകൾ നിരത്തിയാണ് അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളെ ഖണ്ഡിച്ചത്. അതേസമയം പരാതിയിൽ പറയുന്ന ദിവസങ്ങളിൽ മഠത്തിൽ താമസിച്ചിട്ടില്ലെന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിന്നു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ ബിഷപ്പ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരികെ പോയി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com