വാട്‌സ് ആപ്പ് വഴി കിട്ടും നല്ല പെടയ്ക്കണ മീന്‍;  ഇത് ആനിയുടെ സിവില്‍ ലെയ്ന്‍ ഫ്രഷ് ഫിഷിന്റെ കഥ 

കുടുംബം പുലര്‍ത്താന്‍ വാട്‌സ് ആപ്പിലുടെ മീന്‍ കച്ചവടം നടത്തുന്ന ആനി എന്ന അറുപതുകാരിയുടെ കാര്യം എന്നാല്‍ മറിച്ചാണ്
വാട്‌സ് ആപ്പ് വഴി കിട്ടും നല്ല പെടയ്ക്കണ മീന്‍;  ഇത് ആനിയുടെ സിവില്‍ ലെയ്ന്‍ ഫ്രഷ് ഫിഷിന്റെ കഥ 

തൃശൂര്‍: മറ്റു മേഖലകളിലെന്ന പോലെ മീന്‍വില്‍പ്പനയിലും ആധുനികതയുടെ കടന്നുവരവ് ഉണ്ടായിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നത് ഒരു പുതുമയുളള കാര്യമല്ല. മീന്‍ വാങ്ങാന്‍ ആപ്പുകള്‍ വരെ സജീവമായ കാലമാണ്.

കുടുംബം പുലര്‍ത്താന്‍ വാട്‌സ് ആപ്പിലുടെ മീന്‍ കച്ചവടം നടത്തുന്ന ആനി എന്ന അറുപതുകാരിയുടെ കാര്യം എന്നാല്‍ മറിച്ചാണ്. തൃശൂര്‍ അയ്യന്തോളിലെ സിവില്‍ലെയ്ന്‍ ജംഗ്ഷനിലെ കടയില്‍ മകനൊടൊപ്പം കച്ചവടം നടത്തുന്ന ആനിയ്ക്ക് വാട്‌സ് ആപ്പ് ഒരു അനിവാര്യതയാണ്.  വിധവയായ ആനി കാലത്തിനൊത്ത് ടച്ച് സ്‌ക്രീന്‍ മൊബൈല്‍ ഫോണിലേക്ക് മാറിയതല്ല. 10 വര്‍ഷമായി മീന്‍ വില്‍ക്കുന്ന മകന് കേള്‍വിക്കുറവുണ്ട്. അതിനാല്‍ മീനിന് വില ചോദിക്കുമ്പോഴും വില്‍ക്കുമ്പോഴും തര്‍ക്കമുണ്ടാകും. ചോദിക്കുന്നത് ചൂരയുടെ വിലയായിരിക്കും, കേള്‍ക്കുന്നത് കേരയുടേതും. ഇത് കച്ചവടത്തെ ബാധിച്ചുതുടങ്ങിയതോടെയാണ് ആനി മകന് തുണയായി എത്തിയത്.

രണ്ടുവര്‍ഷം മുമ്പാണ് ലാലൂര്‍ സ്വദേശിനിയായ ആനി മകന്റെ കച്ചവടത്തിന് സഹായിക്കാനെത്തിയത്. സ്ഥിരമായി മീന്‍ വാങ്ങാനെത്തുന്നവരുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയായിരുന്നു ആദ്യപടി. അന്നത്തെ പ്രധാനമീന്‍ ഇനവും വിലയും ഫോണില്‍ വിളിച്ചുപറയും. പിന്നീടാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് മാറിയത്. കടപ്പുറങ്ങളില്‍ മകനൊപ്പം പോയി മീനെടുക്കും. അന്നത്തെ മീനിന്റെ വിലയും ചിത്രവും ഗ്രൂപ്പിലിടും. ഏതു മീന്‍ എത്രവേണമെന്ന് ആവശ്യക്കാര്‍ക്ക് ഗ്രൂപ്പിലിടാം. വൈകീട്ട് നാലുമുതല്‍ എട്ടുവരെ ആനിയും മകന്‍ അനുവും അയ്യന്തോളിലെ സിവില്‍ ലെയ്ന്‍ ജംഗ്ഷനിലുണ്ടാകും. 

വാട്‌സ് ആപ്പിലുടെ ഓര്‍ഡര്‍ നല്‍കിയവരുടെ മീന്‍ വൃത്തിയാക്കി പൊതിഞ്ഞുവെക്കും. പെട്ടി ഓട്ടോറിക്ഷയും തട്ടും മാത്രമാണുളളതെങ്കിലും കടയ്ക്ക് പേരുണ്ട്. സ്വന്തമായി ഇട്ട പേരാണ്. ബോര്‍ഡ് ഒന്നുമില്ല- സിവില്‍ ലെയ്ന്‍ ഫ്രഷ് ഫിഷ്. പേരുപോലെ ഫ്രഷാണ് മീന്‍. ദിവസം 60 കിലോ  മീന്‍ മാത്രമേ എടുക്കൂ. അത് മുഴുവന്‍ വില്‍ക്കും. എല്ലാവര്‍ക്കും ഒരേ വില. ബുക്ക് ചെയ്യാത്തവര്‍ക്കും മീന്‍കിട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com