'ഇതെന്താ വണ്ടിക്കച്ചവടമാണെന്ന് കരുതിയോടാ...' ഒരു ലക്ഷം തന്നില്ലെങ്കില്‍ അച്ഛന്റെ മരണം കൊലപാതകമാക്കി അകത്തിടുമെന്ന് മകനോട് പൊലീസ് , കൈക്കൂലി വാങ്ങിയ സിഐക്കും എഎസ്‌ഐക്കും എതിരെ നടപടി

കൈക്കൂലി വാങ്ങിയ നെടുങ്കണ്ടം സിഐയെയും എഎസ്ഐയെയും റേഞ്ച് ഐജി വിജയ് സാഖറെ സസ്പെൻഡ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോട്ടയം: പിതാവിന്റെ ആത്മഹത്യ കൊലപാതകമാക്കുമെന്ന് ഭീഷണിപ്പെടുത്തി മകന്റെ കൈയില്‍ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ സിഐക്കും എഎസ്‌ഐക്കും എതിരെ നടപടി. തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറുടെ മരണം കൊലപാതകമാക്കുമെന്നു ഭീഷണിപ്പെടുത്തി മകന്‍ സുലൈമാന്റെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നെടുങ്കണ്ടം സിഐ ബി അയൂബ് ഖാന്‍,  എഎസ്‌ഐ സാബു മാത്യു എന്നിവര്‍ക്കെതിരെയാണ് നടപടി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ, വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. 

ഈ മാസം ആറിനാണ് തൂക്കുപാലം പ്രകാശ്ഗ്രാം ഇളപ്പുങ്കല്‍ മീരാന്‍ റാവുത്തറെ (86) വീടിനുള്ളില്‍ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖ ബാധിതനായതിനെ തുടര്‍ന്നുള്ള വിഷമത്തിലാണു മീരാന്‍ റാവുത്തര്‍ ജീവനൊടുക്കിയതെന്നാണ് ഫൊറന്‍സിക് വിഭാഗത്തിന്റെ നിഗമനം. എന്നാല്‍ ഒമ്പതാം തീയതി ഉച്ചയ്ക്ക് ഒന്നിന് സി.ഐ അയൂബ്ഖാനും എ.എസ്.ഐ സാബു മാത്യുവും സുലൈമാന്റെ വീട്ടിലെത്തി. മീരാന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്നും കൃത്യം നടത്തിയത് നിങ്ങളാണെന്ന് തെളിഞ്ഞതായും പറഞ്ഞു. സുലൈമാനെയും ഭാര്യയെയും അദ്ധ്യാപകനായ മകനെയും കസ്റ്റഡിയിലെടുക്കുമെന്നും സി.ഐ ഭീഷണിപ്പെടുത്തി. 

ഇതോടെ മാനസികമായി തളര്‍ന്ന സുലൈമാന്‍ ചെയ്യാത്തതാണെങ്കിലും കുറ്റം താന്‍ ഏറ്റെടുക്കാമെന്നും കുടുംബാംഗങ്ങളെ വെറുതെ വിടണമെന്നും യാചിച്ചു. ഒറ്റയ്ക്ക് കുറ്റം ഏല്‍ക്കാന്‍ പറ്റില്ലെന്നും നിങ്ങള്‍ സഹകരിച്ചാല്‍ വേണ്ടതുപോലെ കേസ് കൈകാര്യം ചെയ്യാമെന്നും അയൂബ്ഖാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ മാദ്ധ്യമങ്ങളുടെ മുന്നില്‍വച്ച് കുടുംബത്തിലെ എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് താക്കീത് നല്‍കി. ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഒറ്റയ്ക്ക് സ്‌റ്റേഷനില്‍ വരാന്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ മടങ്ങി. 

ഭാര്യയുടെയും മകന്റെയും ഉപദേശപ്രകാരം പൊലീസുകാരനായ ബന്ധുവിനെ കൂട്ടി സുലൈമാന്‍ സ്‌റ്റേഷനിലെത്തി. മൂന്ന് മണിയോടെ എ.എസ്.ഐയെ കണ്ടു. ബന്ധുവിനോട് പുറത്ത് നില്‍ക്കാന്‍ ആവശ്യപ്പെട്ട എഎസ്‌ഐ ഒറ്റയ്ക്ക് വരാന്‍ പറഞ്ഞിട്ട് എന്തിനാണ് ആളെ ഒപ്പം കൂട്ടി വന്നതെന്ന് ചോദിച്ച് തെറിയഭിഷേകം നടത്തി. സി.ഐയുടെ മുറിയിലെത്തിയപ്പോഴും ചീത്തവിളി തുടര്‍ന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളോട് സഹകരിച്ചാല്‍ പ്രശ്‌നം ഒതുക്കി തീര്‍ക്കാമെന്നും പറഞ്ഞു. 

സുലൈമാന്റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മുറിയില്‍ സിഐയും എസ്‌ഐയും പരിശോധന നടത്തിയിരുന്നു. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 1,13,000 രൂപ സിഐ അദ്ദേഹത്തിന് കൈമാറിയിരുന്നു. കേസൊതുക്കാന്‍ ഈ പണം നല്‍കണമെന്നാണ് ഇരുവരും ആവശ്യപ്പെട്ടത്. അമ്പതിനായിരം രൂപ തരാമെന്ന് സുലൈമാന്‍ പറഞ്ഞപ്പോള്‍ 'അത് ഞങ്ങള്‍ക്ക് വേണ്ട. നീ നിന്റെ കൈയില്‍ നിന്ന് എടുത്ത് തരണ്ട, നിന്റെ ബാപ്പയുണ്ടാക്കിയ പണം തന്നാല്‍ മതി' എന്നായിരുന്നു മറുപടി. 75,000 രൂപ തരാമെന്ന് പറഞ്ഞപ്പോള്‍ 'ഇതെന്താ വണ്ടിക്കച്ചവടമാണെന്ന് കരുതിയോടാ...' എന്ന് പറഞ്ഞ് വീണ്ടും അസഭ്യം വര്‍ഷം തുടര്‍ന്നു. 

ഒടുവില്‍ ഒരു ലക്ഷം രൂപയ്ക്ക് കേസ് ഒത്തുതീര്‍പ്പാക്കാന്‍ തീരുമാനിച്ചു. 11ന് പണം നല്‍കാമെന്ന് സുലൈമാന്‍ സമ്മതിച്ചു. തങ്ങള്‍ മൂന്ന് പേരല്ലാതെ മറ്റാരും ഇക്കാര്യം അറിയരുതെന്ന് താക്കീത് നല്‍കി സുലൈമാനെ പറഞ്ഞുവിട്ടു. സുലൈമാന്‍ ഇക്കാര്യം ബന്ധുവിനോട് പറഞ്ഞില്ല. 11ന് രാവിലെ 10ന് പണവുമായി നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനിലെത്തി. സിഐയുടെ ഓഫിസില്‍ ഇടതുവശത്തുള്ള ഷെല്‍ഫ് ചൂണ്ടിക്കാട്ടി പണം അവിടെ വയ്ക്കാന്‍ സി.ഐ അയൂബ് ഖാന്‍ ആവശ്യപ്പെട്ടു. 

50,000 രൂപ വീതമുള്ള 500 രൂപയുടെ 2 കെട്ടുകള്‍ (ഒരുലക്ഷം രൂപ) ഈ ഷെല്‍ഫില്‍ വച്ചു. സിഐ ഈ സമയം പുറത്തിറങ്ങി. സ്‌റ്റേഷന്‍ പരിസരത്തു പരിശോധന നടത്തിയശേഷം പണമെടുത്തു കീശയിലാക്കിയതായി സുലൈമാന്‍ പറഞ്ഞു. പിതാവിന് മൂത്രാശയത്തില്‍ കാന്‍സറായിരുന്നെന്ന് മുറിയില്‍ നിന്ന് ലഭിച്ച സ്‌കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെന്നും ഇതിന്റെ വിഷമത്തില്‍ അദ്ദേഹം സ്വയം കഴുത്തറുത്ത് മരിച്ചതാണെന്നും പണം നല്‍കിയ ശേഷം സി.ഐ വെളിപ്പെടുത്തി. ആത്മഹത്യയായതിനാല്‍ അന്വേഷണം അവസാനിപ്പിച്ച് കേസ് ക്ലോസ് ചെയ്യുകയാണെന്നും പറഞ്ഞു. പൊലീസുകാര്‍ക്കിടയില്‍ സംഭവം ചര്‍ച്ചയായി. ഇക്കാര്യം പൊലീസുകാരനായ ബന്ധുവും അറിഞ്ഞതോടെ സുലൈമാന് കൈക്കൂലി നല്‍കിയെന്ന് സമ്മതിക്കേണ്ടിവന്നു. തുടര്‍ന്ന് 18ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന് പരാതി നല്‍കുകയായിരുന്നു. 

കൈക്കൂലി വാങ്ങുന്നതിന് സിഐയും എഎസ്‌ഐയും ഗൂഢാലോചന നടത്തിയതായും, പണം വാങ്ങിയതായും ഇടുക്കി ജില്ലാ ക്രൈം റെക്കാഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി പി.സുകുമാരന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി ജില്‍സന്‍ മാത്യു അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാല്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com