കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവിൽ ബിജെപിയും ആർഎസ്എസും വർഗീയത കുത്തിയിളക്കുന്നു, സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ശ്രമമെന്ന് കോടിയേരി 

ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്
കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവിൽ ബിജെപിയും ആർഎസ്എസും വർഗീയത കുത്തിയിളക്കുന്നു, സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാൻ ശ്രമമെന്ന് കോടിയേരി 

തിരുവനന്തപുരം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സത്യ​ഗ്രഹ സമരത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭമാക്കിമാറ്റാൻ ചില ശക്തികൾ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കന്യാസ്ത്രീസമരത്തിന്റെ മറവിൽ എൽഡിഎഫ് സർക്കാരിനും സിപിഐ എമ്മിനുമെതിരെ രാഷ്ട്രീയവിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയശക്തികൾ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാനവ്യാപകമായി സമരപരമ്പര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്.  ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾ തിരിച്ചറിയണം. ദേശാഭിമാനിയിൽ ബിഷപ്പ് കേസും സ്ത്രീസുരക്ഷാ നയവും എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയത്. 

കന്യാസ്ത്രീ സത്യഗ്രഹത്തിന്റെ മറവിൽ ബിജെപിയും ആർഎസ്എസും കുത്തിയിളക്കുന്ന വർഗീയതയ്ക്കും എൽഡിഎഫ് സർക്കാർ വിരുദ്ധതയ്ക്കും വളമിടാൻ കോൺഗ്രസിലെയും യുഡിഎഫിലെയും ഒരു വിഭാഗവും  അരാജകവാദികളും രംഗത്തിറങ്ങിയിരിക്കുന്നു. ഇത് രാഷ്ട്രീയവും സാമൂഹ്യവുമായ അപഥസഞ്ചാരമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ നൽകിയ പീഡന പരാതിയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ വൈദികരെല്ലാം മോശക്കാരാണെന്ന ചിത്രീകരണം നടത്തുകയും ക്രൈസ്തവസഭയെത്തന്നെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില കേന്ദ്രങ്ങളുണ്ട്. അത്തരം വർഗീയ ശക്തികളെ തിരിച്ചറിയണം. ഒരു ബിഷപ‌്, കേസിൽ ഉൾപ്പെട്ടതുകൊണ്ട് വൈദികരെല്ലാം മോശക്കാരാണെന്ന് ചിത്രീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഹിന്ദുരാഷ്ട്രം അക്രമാസക്തമായി സ്ഥാപിക്കാൻ നിലകൊള്ളുന്ന വർഗീയശക്തികളുടെ ഇത്തരം വകതിരിവുകേടിനെ തുറന്നുകാട്ടണം. 

ബിഷപ്പിനെ രക്ഷിക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതായും അത് വോട്ട് ലാക്കാക്കിയാണെന്നമാണ് ചില കൂട്ടർ  പ്രചരിപ്പിക്കുന്നുണ്ട്. സ്ത്രീപീഡനക്കേസുകളിൽ ഉൾപ്പെടുന്നവർ ബിഷപ്പായാലും സന്യാസിയായാലും മുക്രിയായാലും പൊലീസ്‐നിയമ‐ഭരണചക്രങ്ങൾ ഉരുളുന്നതിൽ ഒരു ദയാദാക്ഷിണ്യവും എൽഡിഎഫ് ഭരണത്തിൽ  ഉണ്ടാകില്ല. ബിഷപ്പിനെതിരായ പരാതി വന്നയുടനെ അറസ്റ്റുണ്ടായില്ലെന്ന ചില യുഡിഎഫ് നേതാക്കളുടെ അഭിപ്രായം  അർഥശൂന്യമാണ്. തെളിവില്ലാത്ത കേസുകളിൽ ആരെയും കുടുക്കില്ല.

പ്രതികളുടെ ജാതിമതം നോക്കാതെ ശക്തമായ നടപടികളാണ് സ്ത്രീകൾക്കെതിരായ കേസുകളിലെല്ലാം പൊലീസ് സ്വീകരിച്ചത്. ഇതേ സമീപനമാകും ബിഷപ്പിന്റെ കാര്യത്തിലുമുണ്ടാകുക. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ തെളിവുണ്ടെങ്കില്‍ പ്രതികള്‍ അഴിയെണ്ണുകയും നിയമനടപടിക്ക് വിധേയരാകുകയും ചെയ്യും. വോട്ട് അല്ല, കുറ്റത്തിന്റെ ഗൗരവവും തെളിവുമാണ് നിയമനടപടിക്ക് അടിസ്ഥാനം. കോടിയേരി ലേഖനത്തിൽ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com