പ്രളയാനന്തരം കൊച്ചി കായലില്‍ ജലനിരപ്പ് നാലടിയോളം താഴ്ന്നു;  യാത്രാബോട്ടുകളുടെ സഞ്ചാരം പ്രതിസന്ധിയില്‍

പ്രളയാനന്തരം കൊച്ചി കായലില്‍ ജലനിരപ്പ് താഴുന്നു. നാലടിയോളമാണ് കായലില്‍ വെള്ളം താഴ്ന്നിരിക്കുന്നത്
പ്രളയാനന്തരം കൊച്ചി കായലില്‍ ജലനിരപ്പ് നാലടിയോളം താഴ്ന്നു;  യാത്രാബോട്ടുകളുടെ സഞ്ചാരം പ്രതിസന്ധിയില്‍

കൊച്ചി: പ്രളയാനന്തരം കൊച്ചി കായലില്‍ ജലനിരപ്പ് താഴുന്നു. നാലടിയോളമാണ് കായലില്‍ വെള്ളം താഴ്ന്നിരിക്കുന്നത്. ജലനിരപ്പ് താഴന്നതോടെ യാത്രാബോട്ടുകളുടെ സഞ്ചാരം തടസ്സപ്പെടുന്നത് പതിവായി. മട്ടാഞ്ചേരി ജെട്ടിയിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിലച്ചു. വെള്ളത്തിനടിയില്‍ അടിഞ്ഞുകിടക്കുന്ന തടിയിലും മണലിലും ഇരുമ്പുകഷണങ്ങളിലും തട്ടി ബോട്ടുകള്‍ക്ക് കേടുവരുന്നതും പതിവായി. 

ജലഗതാഗത വകുപ്പിന്റെ ഒമ്പതുബോട്ടുകള്‍ ദിവസം 136സര്‍വീസുകളാണ് നടത്തുന്നത്. വേലിയിറക്ക സമയത്ത് മട്ടാഞ്ചേരിയിലേക്കുള്ള സര്‍വീസ് ഐലന്റ് ടെര്‍മിനല്‍ ജെട്ടിയില്‍ അവസാനിപ്പിക്കുകയായിരുന്നു പതിവ്. എന്നാല്‍ കായലില്‍ വെള്ളം കുറഞ്ഞതോടെ വേലിയേറ്റ സമയത്തും മട്ടാഞ്ചേരി ജെട്ടിയിലേക്ക് ബോട്ട് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

മണല്‍ തിട്ടകളില്‍ ബോട്ടുകള്‍ ഉറച്ചുപോകുന്നതും സര്‍വീസുകള്‍ തടസ്സപ്പെടുന്നതിന് കാരണമാണ്. അടിയന്തരമായി ജെട്ടികളോട് ചേര്‍ന്നുള്ള ഭാഗത്തെയും ചാലിലേയും ചെളിയും മരത്തടികളും നീക്കുകയാണ് പ്രശ്‌നം പരിഹരിക്കാനുള്ള ഏകപരിഹാരമെന്ന് എറണാകുളം ബോട്ട് ജെട്ടി സൂപ്രണ്ട് എം.സുജിത്ത് പറഞ്ഞു. 

മണ്ണും ചെളിയും മാറ്റി കായലിന്റെ ആഴം കൂട്ടാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് അസൗകര്യം അറിയിച്ചിരിക്കുകയാണ്. ഇതിന് കാക്കനാടുള്ള പൊതുമരാമത്ത് വിഭാഗത്തിന്റെ സഹായവും ജലഗതാഗതവകുപ്പ് തേടിയിട്ടുണ്ട്. 

രൂപഘടനയില്‍ വ്യത്യാസമുള്ളതിനാല്‍ സ്വകാര്യ ബോട്ടുകള്‍ വലിയ തടസ്സമില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ ഇരുമ്പുകൊണ്ടും സ്വകാര്യബോട്ടുകള്‍ ഫൈബര്‍ കൊണ്ടുമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com